മുംബൈ: ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. 172 യാത്രക്കാരും ജീവനക്കാരുമായി പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശമെത്തിയത്. ബോംബ് ഭിഷണിയുയർന്നതോടെ വിമാനം അടിയന്തരമായി താഴെയിറക്കി. ഒരാഴ്ചയ്ക്കിടയിൽ ഇത് രണ്ടാം തവണയാണ് ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയരുന്നത്.
രാവിലെ 6.50 ന് ചെന്നൈയിൽ നിന്ന് വിമാനം പുറപ്പെട്ട ശേഷമാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു റിമോട്ടും കണ്ടെത്തി. ഉടൻ പൈലറ്റുമാർ മുംബൈ എടിഎസ്സിനെ ബന്ധപ്പെട്ട് അടിയന്തര ലാന്റിങ് ആവശ്യപ്പെട്ടു. ഉടൻ അടിയന്തരമായി അഗ്നിരക്ഷാസേനയും അംബുലൻസുമടക്കം എല്ലാ രക്ഷാ സജ്ജീകരണങ്ങളുമൊരുക്കി. വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനം പരിശോധനകൾക്കായി മാറ്റി.