മുംബൈ : പതിനേഴു വയസ്സുക്കാരൻ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്തതിന് മുംബൈയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഭം മതാലിയ (21) എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഭം മതാലിയ എന്നയാൾ ബിഎംഡബ്ല്യു കാറിൻറെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോയിൽ മുംബൈയിലെ കല്യാണിലെ ശിവാജി ചൗക്ക് ഏരിയയിലെ തിരക്കേറിയ റോഡുകളിലുടെ കൗമാരക്കാരൻ കാർ ഓടിക്കുമ്പോൾ സുഭം മതാലിയ എന്നയാൾ ബിഎംഡബ്ല്യു കാറിൻ്റെ ബോണറ്റിൽ ചാരികിടക്കുന്നതായും വീഡിയോയിൽ കാണാം.
വീഡിയോ ഷൂട്ട് ചെയ്ത കാൽനടയാത്രക്കാരും മറ്റ് വാഹന ഡ്രൈവർമാരും കാഴ്ച കണ്ട് അമ്പരക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്. കൗമാരക്കാരൻ്റെ പിതാവിൻ്റെ പേരിലാണ് ബിഎംഡബ്ല്യു രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞദിവസം പൂനെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച പോർഷെ ഇടിച്ച് രണ്ട് പേർ മരിച്ചിരുന്നു.
ഈ മാസം 19-ാം തീയതിയായിരുന്നു പോർഷെ വാഹനാപകടം നടന്നത്. സുഹൃത്തുക്കളോടൊപ്പം കല്യാണി നഗർ ഭാഗത്ത് അമിതവേഗതയിൽ പോർഷെ ഓടിച്ചുവരികയായിരുന്നു കൗമാരക്കാരൻ. അമിത വേഗതയിൽ എത്തിയ വാഹനം ഇരുചക്രവാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് യാത്രക്കാരായ ദമ്പതികൾ മരിച്ചത്. പതിനേഴുകാരൻ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.