യന്ത്രതകരാറുള്ള കാര്‍ വിറ്റതിനാണ് ബിഎംഡബ്ല്യുവിനോട് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കാര്‍ വാങ്ങിയ ഉപഭോക്താവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് പരമോന്നത കോടതി ഉത്തരവിട്ടിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് പത്തിന് മുമ്പ് പണം നല്‍കണമെന്നും ആഡംബര കാര്‍ നിര്‍മാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2009 സെപ്റ്റംബര്‍ 25 ന് വാങ്ങിയ ബിഎംഡബ്ല്യു 7 സീരീസ് വാഹനം നാല് ദിവസത്തനുളളില്‍ തന്നെ തകരാറിലായി. ഷോറൂമില്‍ എത്തിച്ച് ശരിയാക്കിയെങ്കിലും ദിവസങ്ങള്‍ക്കുളളില്‍ തന്നെ വീണ്ടും സമാന തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതോടെയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 412, 420 വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. വാഹന നിര്‍മ്മാതാക്കള്‍, മാനേജിംഗ് ഡയറക്ടര്‍, മറ്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു പരാതി. തെലങ്കാന ഹൈക്കോടതി പുതിയ കാര്‍ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിന് ബിഎംഡബ്ല്യു കമ്പനിയും തയ്യാറായിരുന്നു. എന്നാല്‍ പുതിയ കാര്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്. തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പടുവിച്ചത്.