Health
50 വര്‍ഷത്തെ നിഗൂഢതയ്ക്കു വിരാമം; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ഗവേഷകർ
ലണ്ടന്‍: അന്‍പതു വര്‍ഷം നീണ്ടു നിന്ന നിഗൂഢതയുടെ ചുരുള്‍ അഴിച്ച് പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തി ഗവേഷകര്‍. ബ്രിസ്റ്റോൾ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്‍റ് ഗവേഷകരാണ് മാൽ (MAL) എന്ന് പേരിട്ടിരിക്കുന്ന പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്. കണ്ടെത്തല്‍ ആരോഗ്യ മേഖലയിൽ പുത്തൻ വഴിത്തിരിവാകുമെന്നും ആയിരക്കണക്കിന് ജീവൻ സംരക്ഷിക്കാൻ സഹായിക്കുമെന്ന് എന്‍എച്ച്എസ് ഗവേഷകര്‍ പറയുന്നു.
ഓരോരുത്തർക്കും അവരുടെ ചുവന്ന രക്താണുക്കൾക്ക് ഉപരിതലത്തിൽ ആൻ്റിജനുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ ഉണ്ടാകും. എന്നാൽ ചുരുക്കം ആളുകളില്‍ ഇവ ഉണ്ടാകില്ല. 1972ൽ ഒരു ഗർഭിണിയുടെ രക്തസാമ്പിൾ പരിശോധിക്കുന്നതിനിടെയാണ് ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന ആന്റിജനുകള്‍ എന്ന് അറിയപ്പെടുന്ന ഒരു പ്രോട്ടീൻ തന്മാത്ര നഷ്ടമായെന്ന് ഡോക്ടർ കണ്ടെത്തിയത്. നീണ്ട കാലത്തിന് ശേഷം ഈ തന്മാത്രയുടെ വിചിത്രമായ അഭാവം മനുഷ്യരിൽ ഒരു പുതിയ രക്തഗ്രൂപ്പ് നിലനിൽക്കുന്നുണ്ടെന്ന യാഥാർഥ്യത്തിലേക്ക് ഗവേഷകരെ എത്തിച്ചു.