Uncategorized
ലെബനനിലെ ജനവാസ കേന്ദ്രങ്ങളിൽഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500ലേറെ മരണം
ലെബനനിലെ ജനവാസ കേന്ദ്രങ്ങളിൽഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500ലേറെ മരണ. 1,650 പേർക്ക് പരുക്കേറ്റതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ 35 പേർ കുട്ടികളും 58 പേർ സ്ത്രീകളുമാണ്. ലെബനനിലെ ഹിസ്ബുള്ളയുടെ ആയുധകേന്ദ്രങ്ങൾ എന്ന് കരുതുന്ന സ്ഥലങ്ങളിൽ വ്യോമാക്രമണം ശക്തമാക്കാനാണ് ഇസ്രയേൽ തീരുമാനം. തല്ക്കാലം കരയാക്രമണത്തിന് ഇല്ലെന്നും അവർ വ്യക്തമാക്കി.
ബെക്ക വാലി, ബിൻത് ജിബൈൽ, അയ്തറൂൻ, മജ്ദൽ സലീം, ഹുല, തൗറ, ഖിലൈലിഹ്, ഹാരിസ്, നബി ചിത്, തറയ്യ, ഇഷ്മിസ്തർ, ഹർബത, ലിബ്ബായ, സുഹ്മർ തുടങ്ങി ആയിരത്തോളം കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രായേൽ അറിയിച്ചു. 2006നുശേഷവും ഗാസ സംഘർഷത്തിന് ശേഷവും ലെബനനിനുനേരെ ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
ഇതിന് തിരിച്ചടിയായി ഗലീലി, ഹൈഫ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുളള അവകാശപ്പെട്ടു. ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ ഇലക്ട്രോണിക്സ് കമ്പനിയിലും നോർത്തേൺ കോർപ്സിന്റെ റിസർവ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോർമേഷന്റെ ലോജിസ്റ്റിക്സ് ബേസിലും ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചതായും അവർ വ്യക്തമാക്കി.
ഹിസ്ബുളയുടെ ആക്രമണ സാധ്യത മുന്നിൽക്കണ്ട് സെപ്തംബർ 30 വരെ ഒരാഴ്ച രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ഇസ്രായേൽ. ഹൈഫ അടക്കമുള്ള നഗരങ്ങളിൽ സൈന്യം മുന്നറിയിപ്പ് സൈറണും മുഴക്കി. ഇക്കഴിഞ്ഞ ജൂലൈമാസത്തിൽ തങ്ങളുടെ ഉന്നത കമാൻഡർ ഫൗദ് ഷുക്കറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഹിസ്ബുള്ള റോക്കറ്റുകളും ഡ്രോണുകളും ഇസ്രയേലിനെ വിക്ഷേപിച്ചതോടെ ആഗസ്റ്റിൽ സംഘർഷം രൂക്ഷമാവുകയായിരുന്നു.