റാന്നിയിൽ ഇതര സംസ്ഥാന തൊഴിലാളി താമസിച്ച മുറിയിൽ സ്ഫോടനം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. റാന്നി ഹെഡ് പോസ്റ്റോഫിസിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് സ്ഫോടനം നടന്നത്. വൻശബ്ദത്തോടെയാണ് പൊട്ടിത്തെറി നടന്നത്.
പരുക്കേറ്റയാളെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ മുറിയുടെ കതക് ദൂരേക്ക് തെറിച്ചു പോയി. പൊലീസ് സംഭവസ്ഥലത്ത് എത്തി മുറി സീൽ ചെയ്ത് പരിശോധന നടത്തി. ഒരാൾ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്.
ഗ്യാസ് അടുപ്പിനും സിലണ്ടറിനും കേടുപാടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പൊട്ടിത്തെറിച്ചത് എന്താണെന്ന് അറിയില്ല. ഇന്ന് ഫോറന്‍സിക് സംഘം വന്നു പരിശോധന നടത്തിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ എന്നാണ് പോലീസ് പറഞ്ഞത്.