Kerala

വയനാട് ബിജെപി ജില്ലാ പ്രസിഡൻറ് മധുവിനെതിരെ നടപടി, സ്ഥാനത്ത് നിന്ന് നീക്കി

കല്‍പ്പറ്റ: വിവാദ പരാമര്‍ശനത്തില്‍ വയനാട് ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ നടപടിയെടുത്ത് സംസ്ഥാന നേതൃത്വം. വയനാട് ബിജെപി ജില്ലാ പ്രസിഡന്‍റ് കെപി മധുവിനെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന കെപി മധുവിന്‍റെ പരാമര്‍ശം വിവാദമായിരുന്നു.

പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവും രംഗത്തെത്തിയിരുന്നു. അവരുടെ നിലപാട് അവര്‍ക്കെടുക്കാമെന്നും സഭയ്ക്ക് സഭയുടെ നിലപാടുണ്ടെന്നും പ്രാദേശിക നേതാവിന്‍റെ വാക്കിന് ആ വിലയെ നല്‍കുന്നുള്ളുവെന്നുമായിരുന്നു ബിഷപ്പിന്‍റെ പ്രതികരണം. പരാമര്‍ശം വിവാദമായതോടെ ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെപി മധു വിശദീകരിച്ചിരുന്നു. വിഷയത്തില്‍ കഴിഞ്ഞ ദിവസം കെപി മധുവിനെ സംസ്ഥാന നേതൃത്വം വിളിപ്പിച്ചിരുന്നു. പരാമര്‍ശത്തില്‍ വിശദീകരണവും ചോദിച്ചു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കികൊണ്ട് കെപി മധുവിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top