Kerala
മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്
തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വിവിധ പത്രങ്ങളിലും വാര്‍ത്താചാനലുകളിലും നല്‍കിയ അഭിമുഖങ്ങളില്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നോട്ടീസ്.
ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും മാപ്പ് അപേക്ഷിക്കാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസ്. തെരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉന്നയിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഇപി പറയുന്നു.
വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആരോപിക്കുക വഴി ഇപിയെ മാത്രമല്ല പാര്‍ട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണ് എന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഇപി ജയരാജന്‍ ബിജെപി യില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം മുന്‍പും ഇത്തരം ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.