മുംബൈ: മഹാരാഷ്ട്രയിൽ സ്ഥിരമായി അധികാരം നേടാൻ ബിജെപി നടത്തുന്ന നീക്കങ്ങൾക്ക് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വഴങ്ങാത്തത് ദേശീയ ജനാധിപത്യ സഖ്യത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു എന്ന് റിപ്പോർട്ട്. ശിവസേനാ സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദരന്റെ മകനായ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേനയെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ലയിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. എന്നാൽ രാജ് താക്കറെയെ തന്റെ പാർട്ടിയുടെ നേതൃനിരയിലേക്ക് എത്തിക്കുന്നതിൽ ഷിൻഡെയ്ക്ക് താത്പര്യമില്ല.
എംഎൻഎസ് – ശിവസേന ലയനത്തെയും പുതിയ പാർട്ടിയുടെ നേതൃത്വത്തിൽ രാജ് താക്കറെയെ അവരോധിക്കുന്നതിനെയും മുഖ്യമന്ത്രി ഷിൻഡെ ശക്തിയായി എതിർക്കുകയാണ്. മുഖ്യമന്ത്രിക്കസേരയും ശിവസേനയുടെ നേതൃത്വവും താക്കറെ കുടുംബത്തിന് മുന്നിൽ അടിയറവയ്ക്കാൻ തയ്യാറല്ലെന്ന സൂചനയാണ് ഷിൻഡെ ബിജെപിക്ക് നൽകുന്നത്.
രാജിനെ മുന്നിൽ നിർത്തി ‘പുതിയ ശിവസേന’യ്ക്ക് രൂപം കൊടുത്താൽ കോൺഗ്രസ് സഖ്യത്തിലുള്ള ഉദ്ധവ് താക്കറെയുടെ അടിത്തറ ഇളക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ശിവസേനാ സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദരന്റെ മകനാണ് രാജ്. ബാൽ താക്കറെ മകൻ ഉദ്ധവിനെ പിൻഗാമിയാക്കിയപ്പോഴാണ് അദ്ദേഹം ശിവസേന വിട്ട് പുതിയ പാർട്ടി രൂപീകരിച്ചത്. താക്കറെയുടെ ശരീരഭാഷയും പ്രസംഗ ശൈലിയും രാജിനുണ്ട്. ഇതും മുതലെടുക്കാനാണ് ബിജെപി പദ്ധതി.
ഷിൻഡെ കടുത്ത നിലപാട് സ്വീകരിച്ചതോടെ 6 മാസത്തിനകം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വരെ ലയനം നീട്ടിവച്ചേക്കും. ശക്തികേന്ദ്രമായ താനെയ്ക്കപ്പുറം ഷിൻഡെയ്ക്ക് കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ശിവസേന, എൻസിപി പാർട്ടികളെ പിളർത്തി പ്രബലരെ പാളയത്തിൽ എത്തിച്ചെങ്കിലും മുന്നണി ശക്തമല്ലെന്നു ബിജെപി കരുതുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും കോൺഗ്രസ്–എൻസിപി (ശരദ് പവാർ)–ഉദ്ധവ് ശിവസേന പാർട്ടികൾ തമ്മിൽ സീറ്റ് തർക്കം തുടരുന്നു. സാംഗ്ലി, ഭിവണ്ടി സീറ്റുകളെ ചൊല്ലിയാണ് പ്രധാനമായും തർക്കം നടക്കുന്നത്. പതിവായി കോൺഗ്രസ് മത്സരിച്ചിരുന്ന സാംഗ്ലിക്കായി ഉദ്ധവ് പക്ഷവും ഭിവണ്ടിക്കായി എൻസിപിയും ശക്തമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ നിന്ന് കോൺഗ്രസ് നേതാക്കൾ വിട്ടു നിന്നിരുന്നു. തർക്കം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടലാണ് ശരദ് പവാറും ഉദ്ധവ് താക്കറെയും പ്രതീക്ഷിക്കുന്നത്.