രാജ്യസഭയിൽ ബിജെപി അംഗസംഖ്യ കുറഞ്ഞത് പാര്‍ട്ടിക്ക് തലവേദനയാകുന്നു. നാമനിർദേശംചെയ്യപ്പെട്ട നാലംഗങ്ങളുടെ കാലാവധികഴിഞ്ഞതോടെയാണ് അംഗസംഖ്യ കുറഞ്ഞത്. ബിജെപിക്ക് 86ഉം എൻഡിഎയ്ക്ക് 101ഉം അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 114 പേരുടെ പിന്തുണവേണമെന്നിരിക്കെ 13 അംഗങ്ങളുടെ കുറവാണ് ബിജെപി നേരിടുന്നത്. കോൺഗ്രസ് നയിക്കുന്ന ഇന്ത്യസഖ്യത്തിന് 87 അംഗങ്ങളുണ്ട്.
രാജ്യസഭയിൽ ബില്ലുകൾ പാസാക്കാൻ സർക്കാർ ആശ്രയിക്കുന്നത് എൻഡിഎ ഇതരകക്ഷികളെയാണ്. എഐഎഡിഎംകെയും ജഗ് മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും നേരത്തേ എൻഡിഎയെ പിന്തുണച്ചിരുന്നു. രണ്ടു കക്ഷികൾക്കുമായി 15 അംഗങ്ങളുണ്ട്. എഐഎഡിഎംകെ-ബിജെപി ബന്ധത്തില്‍ നിലവില്‍ പ്രശ്നങ്ങളുണ്ട്. ബിജെഡിപിന്തുണച്ചിരുന്നെങ്കിലും ഒഡിഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിക്ക് പിന്തുണയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ വൈഎസ്ആറിന് 11 അംഗങ്ങളുണ്ട്. വൈഎസ്ആറിന്റെയും നാമനിർദേശം ചെയ്യപ്പെട്ടവരുടെയും പിന്തുണ ലഭിച്ചാൽ സർക്കാരിന് ബില്ലുകൾ പാസാക്കാനാകും. രാജ്യസഭയിലേക്ക് പുതിയ അംഗങ്ങള്‍ വരുമ്പോള്‍ നഷ്ടം നികത്താന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. ഹരിയാണ, മധ്യപ്രദേശ്, രാജസ്ഥാൻ, ത്രിപുര എന്നിവിടങ്ങളിൽ ഓരോന്നുവീതവും ബിഹാർ, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിൽ രണ്ടുവീതവും നിയമസഭകളിലെ കണക്കനുസരിച്ച് എൻഡിഎയ്ക്ക് ലഭിക്കും. നികത്തപ്പെടുന്ന നാല് നാമനിർദേശ അംഗങ്ങൾ വേറെയുമുണ്ടാകും. ഈ കണക്കുകളിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്.