പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തം. ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയാൽ മണ്ഡലം പിടിക്കാനാകുമെന്നാണ് പി കെ കൃഷ്ണദാസിന്റെയും ജില്ലയിലെ ഒരു വിഭാഗം പ്രവർത്തകരുടെയും അഭിപ്രായം. കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിൽ നടത്തിയ അഭിപ്രായ സർവേയിൽ ശോഭ സുരേന്ദന്രായിരുന്നു മുൻതൂക്കം. എന്നാൽ തിരഞ്ഞെടുപ്പിൽ നിന്നും ശോഭ സുരേന്ദ്രനെ മാറ്റി പകരം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ഔദ്യോഗിക നീക്കം. ഇതോടെ ശോഭ സുരേന്ദ്രനെ പിന്തുണച്ച് കൂടുതൽ പേർ രംഗത്തെത്തുകയായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നായി ബിജെപി കണക്കാക്കുന്ന നിയമസഭ മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. 2016ൽ ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ച്, ബിജെപി മണ്ഡലത്തിൽ സിപിഐഎമ്മിന് പിന്തള്ളി രണ്ടാമതായി. 2021ൽ വിജയ പ്രതീക്ഷയുമായി രംഗത്തിറക്കിയത് മെട്രോമാൻ ഇ. ശ്രീധരനെയായിരുന്നു. 3859 വോട്ടുകളുടെ മാത്രം കുറവിലാണ് കഴിഞ്ഞ തവണ ബിജെപിക്ക് മണ്ഡലം നഷ്ടമായത്.
പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപിക്ക്, പിരായിരി, കണ്ണാടി, മാത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലും നിലവിൽ സ്വാധീനം വർധിച്ചിട്ടുണ്ട്. ഇക്കുറി ശോഭാ സുരേന്ദ്രനെ വീണ്ടും കളത്തിലിറക്കിയാൽ മണ്ഡലം പിടിച്ചുകെട്ടാം എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. പാലക്കാട്ടെ ഒരു വിഭാഗം പ്രവർത്തകരും ശോഭാ സുരേന്ദ്രൻ എത്തിയാൽ മണ്ഡലം ലഭിക്കും എന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.