പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്നാണ് പ്രവർത്തകരുടെ വാദം. കൂട്ടായ പ്രവർത്തനം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ജില്ലാ കമ്മറ്റി അംഗം തരൂർ സുരേന്ദ്രൻ രംഗത്തെത്തി.
വിഭാഗീയത പാർട്ടിയിൽ കാര്യമായി ഉണ്ട്. നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല. കൂട്ടായ പ്രവർത്തനം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. താൻ എന്ന ഭാവമാണ് നേതാക്കളിൽ പലർക്കുമെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടിക്കുുള്ളിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന താല്പര്യം പല നേതാക്കൾക്കുമില്ല. ആരെങ്കിലും വളർന്നുവരുന്നത് കണ്ടാൽ അപ്പോൾ അവരെ വെട്ടിനിരത്തുമെന്നും തരൂർ സുരേന്ദ്രൻ പറഞ്ഞു.
ഒരു വിഭാഗം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായും ആവശ്യമുന്നയിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധിയിടത്ത് ഭരണം പിടിച്ചെടുക്കണമെന്ന് സംസ്ഥാന ബിജെപി നേതൃത്വത്തിന് ആർഎസ്എസ് നൽകിയ നിർദേശം. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ വിജയിക്കുന്നതിന് വേണ്ട പിന്തുണ ആർഎസ്എസ് സംസ്ഥാന ഘടകം നൽകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ശോഭ സുരേന്ദ്രനെ നാല് വർഷത്തിന് ശേഷം കോർ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. 2020ൽ കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത്. അതുവരെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ശോഭ. ഇതിൽ പ്രതിഷേധിച്ച് പാർട്ടിയോട് അകലത്തിലായിരുന്ന ശോഭ പിന്നീട് ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും മത്സരിക്കുകയായിരുന്നു.