ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ സംസ്കാര ചടങ്ങിലെ ഇരിപ്പിട വിവാദത്തിൽ പ്രതികരണവുമായി ബിജെപി. ക്രമീകരണങ്ങൾ ഒരുക്കിയത് സൈന്യം ആണെന്നാണ് ബിജെപിയുടെ പ്രതികരണം. സംസ്കാര സ്ഥലത്തെ ഇടം സൈന്യം കയ്യടക്കിയെന്ന വാദം തള്ളുന്നുവെന്നും ബിജെപി പറഞ്ഞു. മൻമോഹൻ സിംഗിൻ്റെ കുടുംബത്തിന് അർഹിക്കുന്ന പരിഗണന നൽകിയെന്നും ബിജെപി പറഞ്ഞു.
നേരത്തെ സംസ്കാരചടങ്ങിൽ കുടുംബത്തിന് വേണ്ട പരിഗണന നൽകിയില്ലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ കേന്ദ്രസർക്കാർ അപമാനിച്ചുവെന്നും കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
മൻമോഹൻ സിംഗിൻ്റെ സംസ്കാര ചടങ്ങുകളുടെ പ്രക്ഷേപണം ദുരദർശനിൽ മാത്രമാക്കി എന്നാണ് പവൻ ഖേര ആരോപിക്കുന്നത്. കുടുംബാംഗങ്ങളെക്കാൾ കൂടുതൽ മോദി, അമിത് ഷാ എന്നിവരെയാണ് ടിവിയിൽ കാണിച്ചത്. സിംഗിൻ്റെ കുടുംബത്തിന് നൽകിയത് വെറും മൂന്ന് കസേര മാത്രമാണ്. അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസ്സപ്പെടുത്തിയെന്നും ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല എന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചിരുന്നു.