Politics

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സീറ്റിനായി ബിജെപിയില്‍ ചേരി തിരിഞ്ഞ് പോര്

Posted on

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സീറ്റിനായി ബിജെപിയില്‍ ചേരി തിരിഞ്ഞ് പോര്. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകള്‍ക്കാണ് നിലവില്‍ മുന്‍ഗണന എന്നിരിക്കെ സീറ്റിനായി ഇരുപക്ഷവും സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിന് പുറമെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ആദ്യമായി ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തിയതും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് വര്‍ധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി വാശിപിടിക്കുന്നത്. കെ കൃഷ്ണകുമാര്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമായതോടെ കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭാ ഓഫീസിന് മുന്നില്‍ ശോഭാ സുരേന്ദ്രനെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് ചിലര്‍ ഫ്‌ളക്‌സും സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ തങ്ങളാണ് മേല്‍ക്കൈ നേടിയതെന്ന അവകാശവാദവും ഉണ്ട്.

എന്നാല്‍ മണ്ത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിക്കാന്‍ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചുവെന്നാണ് വിവരം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായിരുന്ന കൃഷ്ണകുമാര്‍ 2000 മുതല്‍ 2020 വരെ പാലക്കാട് നഗരസഭ കൗണ്‍സിലറായിരുന്നു. 2015-20 കാലഘട്ടത്തില്‍ നഗരസഭാ ഉപാധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട് എന്നതുകള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കൃഷ്ണകുമാറിനായി ഒരുവിഭാഗം മുറവിളി കൂട്ടുന്നത്. അതിനിടെ ശോഭയെ വയനാട്ടില്‍ മത്സരിപ്പിക്കാനും കൃഷ്ണകുമാറിന് പാലക്കാട് സീറ്റ് നല്‍കാനും ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version