കോട്ടയം: വാകത്താനം നാലുന്നാക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ യുഡിഎഫ് പാനലിൽ ബിജെപി പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയതോടെ മുന്നണിയിൽ ഭിന്നത.
സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന കൃഷ്ണകുമാറിനെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് യുഡിഎഫ് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയും പാനലിനെതിരെ രംഗത്തെത്തി.ഈ മാസം 20 നാണ് നാലുന്നാക്കൽ സഹകരണ ബാങ്കിലേക്കുള്ള തിരഞ്ഞെടുപ്പ്. കടുത്ത മത്സരം നടക്കുന്ന തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസമാണ് യുഡിഎഫ് 15 അംഗ പാനൽ പ്രഖ്യാപിച്ചത്.
ഈ പാനലിലെ 40 വയസ്സിന് താഴെയുള്ള പൊതുവിഭാഗത്തിലേക്കാണ് സംഘപരിവാർ അനുകൂലിയായ കൃഷ്ണകുമാർ സ്ഥാനാർത്ഥിയായത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ വിജയത്തിലടക്കം ബിജെപി-ആർഎസ്എസ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ട കൃഷ്ണകുമാറിനെതിരെ മുന്നണിക്കകത്ത് തന്നെ പ്രതിഷേധം ഉയർന്നു.