Kerala
എറണാകുളം ഉൾപ്പെടെ 4 സീറ്റുകളിൽ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ ബിജെപി
കൊച്ചി: കേരളത്തിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ ബിജെപിയുടെ രണ്ടാം ഘട്ട പട്ടികയിലില്ല. എറണാകുളം ഉൾപ്പെടെയുള്ള നാല് സീറ്റുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. എറണാകുളം, കൊല്ലം, ആലത്തൂർ, വയനാട് സീറ്റുകളിൽ സർപ്രൈസ് സ്ഥാനാർത്ഥികൾ എത്തുമോ എന്നാണ് കാത്തിരുന്ന കാണേണ്ടത്. മറ്റു പാർട്ടികളിൽ നിന്ന് മറുകണ്ടം ചാടുന്നവരെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് ഈ മണ്ഡലങ്ങൾ ഒഴിച്ചിട്ടിരിക്കുന്നത് എന്നാണ് വിവരം. എറണാകുളം മണ്ഡലത്തിൽ മാത്രം നാലോളം ബിജെപി നേതാക്കളാണ് പാർട്ടിയുടെ സാധ്യതാ പട്ടികയിലുള്ളത്.
കേരള കോൺഗ്രസ് ഉപവിഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ നേതാക്കളില്‍ ഒരാളെ പാർട്ടിയിലേക്ക് കൊണ്ടുവരാനും സ്ഥാനാര്‍ഥിയാക്കാനുമുള്ള ആലോചനകള്‍ സജീവമാണ്. ഇത് സാധ്യമായില്ലെങ്കിൽ പ്രമുഖ ബിജെപി നേതാക്കളിലൊരാള്‍ തന്നെയായിരിക്കും എറണാകുളത്ത് സ്ഥാനാർഥി. ഇതിൽ പ്രധാനപ്പെട്ടയാൾ അടുത്തിടെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതനായ ചലച്ചിത്ര സംവിധായകൻ മേജർ രവിയാണ്.
ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിന്റെ കണ്ണൂരില്‍ നിന്നുള്ള മുതിർന്ന നേതാവ് സി.രഘുനാഥ്, മേജർ രവി എന്നിവര്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ മുൻപാകെ പാർട്ടിയിൽ ചേര്‍ന്നത്. മേജർ രവിയെ സംസ്ഥാന വൈസ് പ്രസിഡന്റായും രഘുനാഥിനെ ബിജെപി ദേശീയ കൗൺസിൽ അംഗമായുമാണ് സുരേന്ദ്രൻ നാമനിര്‍ദേശം ചെയ്തത്.