Politics

തിരഞ്ഞെടുപ്പ് പരാജയം; മുന്നണികളിൽ പൊട്ടിത്തെറി

Posted on

ഉപതിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ മൂന്ന് മുന്നണികളിലും തമ്മിലടിയും തൊഴുത്തില്‍ക്കുത്തും സജീവം. ബിജെപിയിലെ പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയായി പുറത്തു വന്നു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ഇടത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയിലാണ് തിരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി അഭിപ്രായ വ്യത്യാസം പുകഞ്ഞ് നീറുന്നത്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ഏറ്റ കനത്ത തോല്‍വിയാണ് സിപിഐയിലെ അടി മൂക്കാന്‍ കാരണം. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് ജില്ലയിലെ സിപിഎം നേതൃത്വം വിട്ടുനിന്നതില്‍ സിപിഐ നേതൃത്യത്തിന് കടുത്ത അമര്‍ഷമുണ്ട്. സത്യന്‍ മൊകേരിക്ക് കഴിഞ്ഞ തവണ ആനി രാജക്ക് കിട്ടിയതിനേക്കാള്‍ 70000 വോട്ടിന്റെ കുറവുണ്ടായതാണ് സിപിഎമ്മുമായുള്ള അഭിപ്രായ ഭിന്നത വര്‍ദ്ധിക്കാന്‍ കാരണം. ഇതിന് പുറമെ സിപിഎമ്മിന് കീഴടങ്ങി നില്‍ക്കുന്ന പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന് എതിരെയും കടുത്ത പ്രതിഷേധമുണ്ട്.

വയനാട്ടിലെ പ്രമുഖ സിപിഎം നേതാക്കള്‍ പോലും വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നു എന്ന പരാതി പോലും സിപിഐയ്ക്കുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ 141- ആം നമ്പര്‍ ബൂത്തില്‍ പോലും സത്യന്‍ മൊകേരി 343 വോട്ടുകള്‍ക്ക് പിന്നിലായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ ബൂത്തില്‍ പ്രിയങ്ക ഗാന്ധിക്ക് 417 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. മിക്ക സിപിഎം നേതാക്കളുടേയും ബൂത്തുകളിലെ സ്ഥിതി ഇതാണ്. സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് ഉള്‍പ്പെടുന്ന ബൂത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപിയുടെ നവ്യ ഹരിദാസിന് പിന്നിലായിപ്പോയത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇടത് കോട്ടകള്‍ എന്നു പറയുന്ന സ്ഥലങ്ങളിലെല്ലാം പ്രിയങ്ക മുന്നേറ്റം നടത്തി.

സര്‍ക്കാരിനേയും സിപിഎമ്മിനേയും വിമര്‍ശിക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന കാര്യം സിപിഐക്കാര്‍ ഓര്‍ക്കണമെന്നാണ് സിപിഎം നേതാക്കള്‍ രഹസ്യമായി പറയുന്നത്. തൃശൂര്‍ പൂരം അലങ്കോലമാക്കി എന്ന് ആരോപിച്ച് പോലീസിനും സര്‍ക്കാരിനും എതിരെ സിപിഐ വലിയ പുകിലുണ്ടാക്കിയിരുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തങ്ങളുടെ പോക്കറ്റിലാക്കുകയും കുറവുകള്‍ സിപിഎമ്മിന്റെ തലയില്‍ വെച്ചു കെട്ടി സത്യവാന്‍ ചമയുന്ന സിപിഐയുടെ നിലപാടുകളോട് സാധാരണ സിപിഎം പ്രവര്‍ത്തകര്‍ക്ക് യോജിപ്പില്ലെന്നാണ് അവര്‍ പറയുന്നത്.

വേണ്ടത്ര കൂടിയാലോചനകളില്ലാതെ കോണ്‍ഗ്രസ് വിട്ടു വന്ന പി സരിനെ പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥി യാക്കിയതിനെതിരെ മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇന്ന് പത്രം വായിക്കുമ്പോള്‍ ഒരു പാര്‍ട്ടി. നാളെ വായിക്കുമ്പോള്‍ സരിന്‍ വേറെ പാര്‍ട്ടിയായിരിക്കുമെന്നും സരിനെപ്പോലെയുള്ളവരെ താല്‍പര്യമില്ലെന്നും സി ദിവാകരന്‍ മാധ്യമങ്ങളോട് തുറന്നടിച്ചിരുന്നു. ഇത് സിപിഎം- സിപിഐ വിയോജിപ്പിന്റെ പൊട്ടിത്തെറിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version