Kerala
മോദിയെ മുൻനിർത്തി കേരളം പിടിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി
തിരുവനന്തപുരം: പ്രധാനമന്ത്രിയെ മുൻനിർത്തി കേരളം പിടിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ കൊച്ചി റോഡ് ഷോ വലിയ പരിപാടിയാക്കിമാറ്റാനാണ് പാർട്ടിയുടെ നീക്കം. അടുത്ത മാസം തിരുവനന്തപുരത്തും മോദിയെ കൊണ്ടുവരാനാണ് ശ്രമം.
ദേശീയതലത്തിലെന്ന പോലെ കേരളത്തിലും ബിജെപിയുടെ എല്ലാ പ്രതീക്ഷകളും മോദിയിലാണ്. കൊച്ചിയിൽ യുവാക്കളുമായുള്ള സംവാദം, തൃശൂരിൽ വനിതാ സംഗമം, ഇനി വീണ്ടും കൊച്ചിയിൽ റോഡ് ഷോക്ക് പിന്നാലെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗം വിളിച്ചിരിക്കുകയാണ് പാർട്ടി. 2019 ലെ വിജയത്തിന് ശേഷം മോദി ആദ്യം വന്നത് ഗുരുവായൂർ ക്ഷേത്രത്തിലാണ്. ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പ് ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി മോദിയെത്തും. ടാഗ് ലൈൻ ആക്കിമാറ്റിയ മോദിയുടെ ഗ്യാരൻ്റിയിലൂടെ വികസനം ഉയർത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. മോദിമയത്തിൽ എതിരാളികളുടെ പ്രചാരണങ്ങളെ മറികടക്കാമെന്നാണ് കണക്ക് കൂട്ടൽ.
സഭാനേൃത്വത്തിൻ്റെ പിന്തുണ ഉറപ്പാക്കലും മോദിവഴി തന്നെയാണ്. സന്ദർശനങ്ങളിലെല്ലാം സഭാ നേതൃത്വവുമായുള്ള ചർച്ചകളും പ്രധാന അജണ്ടയായി തുടരുകയാണ്. ദക്ഷിണേന്ത്യ പിടിക്കൽ പർട്ടിയുടെ പ്രധാന അജണ്ടയാണ്. കർണ്ണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ബിജെപി ദക്ഷിണേന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു. അതിൽ തന്നെ ഒരു സീറ്റുമില്ലാത്തെ കേരളത്തിൽ മോദി വഴി വലിയ അത്ഭുതങ്ങളാണ് പ്രതീക്ഷിക്കുന്നത്. 2019 ൽ 15.53 ആയിരുന്നു കേരളത്തിലെ പാർട്ടിയുടെ വോട്ട് വിഹിതം. പക്ഷെ ഇതിൻ്റെ ഇരട്ടിയിലേറെ ശതമാനം പേർ മോദിയെന്ന നേതാവിനെ പിന്തുണക്കുന്നുവെന്നാണ് അടുത്തിടെ പാർട്ടി നടത്തിയൊരു സർവ്വേയിലെ കണക്ക്.