Kerala
പരസ്യമായി ബിജെപിയിലെ വിഭാഗീയത; നേതൃത്വവുമായി കൊമ്പുകോര്‍ത്ത് കൃഷ്ണദാസ് പക്ഷം
കോഴിക്കോട്: സംസ്ഥാനത്തെ ബിജെപി ഔദ്യോഗിക നേതൃത്വവുമായി കൊമ്പുകോര്‍ത്ത് കൃഷ്ണദാസ് പക്ഷം. തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നിന്ന് കൃഷ്ണദാസ് പക്ഷത്തെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നതോടെ പാര്‍ട്ടിയിലെ വിഭാഗീയത വീണ്ടും പരസ്യമാവുകയാണ്. അടിയന്തരമായി കോര്‍കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്ന് നേതാക്കള്‍ സംസ്ഥാന അധ്യക്ഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പാര്‍ട്ടിയിലെ മേല്‍ക്കമ്മിറ്റി വിളിച്ചുചേര്‍ക്കാത്തതില്‍ കൃഷ്ണദാസ് പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്.
തുറന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സാധ്യതയുള്ള കോര്‍കമ്മിറ്റി വിളിച്ചുചേര്‍ക്കാതെ നേരിട്ട് നേതൃയോഗം ചേര്‍ന്നത് വിമര്‍ശനങ്ങളില്‍ നിന്ന് ഒളിച്ചോടാനാണെന്നാണ് ആക്ഷേപം. എം ടി രമേശ് മത്സരിച്ച കോഴിക്കോട് മണ്ഡലത്തില്‍ ഔദ്യോഗിക പക്ഷം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മത്സര രംഗത്തില്ലാത്ത മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയില്ല. തൃശ്ശൂരിലും ആറ്റിങ്ങലും ആലപ്പുഴയിലും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.
ഇ പി ജയരാജന്‍ വിവാദത്തില്‍ പാര്‍ട്ടി പ്രസിഡന്റ് നിസംഗത പാലിച്ചുവെന്നും വിമര്‍ശനമുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ അവസരം നല്‍കാതെയാണ് നേതൃത്വം ഭാരവാഹി യോഗം വിളിച്ചത്. അതുകൊണ്ട് തന്നെ കോര്‍ കമ്മിറ്റി വിളിച്ച് അടിയന്തര യോഗം വിളിക്കണമെന്നാണ് കൃഷ്ണദാസ് വിഭാഗത്തിന്റെ ആവശ്യം.