കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയുടെ പേരിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിൽ അമർഷം പുകയുന്നു. മറ്റ് പാർട്ടികളിൽ നിന്നെത്തുന്നവർക്ക് ദേശീയ നേതൃത്വം നൽകുന്ന അമിത പ്രാധാന്യമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ അമർഷത്തിന് കാരണം. കേരളത്തിലെ നാല് ലോക്സഭാ സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതും സിപിഎം, കോൺഗ്രസ്, സിപിഐ പാർട്ടികളിൽ നിന്നും ബിജെപിയിലേക്കെത്തുന്ന നേതാക്കളെ പ്രതീക്ഷിച്ചാണെന്നും പറയപ്പെടുന്നു.
തിരുവനന്തപുരം ജില്ലയിൽനിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവുമായി ആശയവിനിമയം നടക്കുന്നതായി വിവരമുണ്ട്. കൊല്ലത്ത് ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കാനാണ് ശ്രമം. ഈ നീക്കം വിജയിച്ചാൽ തിരുവനന്തപുരത്ത് ഗുണം കിട്ടുമെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ പ്രതീക്ഷ. ഇത്തരം ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങളൊന്നും സംസ്ഥാന നേതാക്കൾക്ക് അറിയില്ല. ഈ ചർച്ച വിജയിച്ചില്ലെങ്കിൽ ബി.ജെ.പി. വക്താവ് സന്ദീപ് വാചസ്പതിയെ കൊല്ലത്ത് പരിഗണിച്ചേക്കും.
സി.പി.എം, സി.പി.ഐ പാർട്ടികളിൽ നിന്ന് അച്ചടക്കനടപടി നേരിട്ട ചില നേതാക്കളുമായും ചർച്ച നടക്കുന്നുണ്ട്. ഒരു സി.പി.ഐ നേതാവിനെ ബി.ഡി.ജെ.എസിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. പ്രമുഖ സമുദായ സംഘടനയുടെ നേതാക്കൾ വഴിയാണ് ഇതിനുള്ള നീക്കം നടക്കുന്നത്. മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ അടക്കമുള്ള ചില നേതാക്കളുമായുള്ള ചർച്ച തുടരുന്നതായാണ് സൂചന. എറണാകുളം സീറ്റിൽ കേരള കോൺഗ്രസിൽനിന്നുള്ള നേതാവിനെ കൊണ്ടുവന്ന് മത്സരിപ്പിക്കാൻ ആലോചനയുണ്ട്. യു.ഡി.എഫ്. ഘടകകക്ഷിയുമായി അടുത്തിടെ ബി.ജെ.പി. നേതൃത്വം ചർച്ച നടത്തിയിരുന്നതായി വിവരമുണ്ട്.
നേരിട്ട് ബി.ജെ.പി.യിൽ ചേരാൻ താത്പര്യമില്ലാത്തവരെ ബി.ഡി.ജെ.എസ്. വഴി എൻ.ഡി.എ.യുടെ ഭാഗമാക്കുകയാണ് തന്ത്രം. മാവേലിക്കരയിൽ ബി.ഡി.ജെ.എസ്. സ്ഥാനാർഥിയാക്കിയ ബൈജു കലാശാലയുടെ എൻ.ഡി.എ. പ്രവേശത്തിൽ ബി.ജെ.പി.ക്ക് പങ്കുണ്ടെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു ബൈജു കലാശാല.
എന്നാൽ ബി.ജെ.പി.യിലെ സ്ഥാനാർഥി മോഹികൾക്ക് കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തിൽ അമർഷമുണ്ട്. സംസ്ഥാന നേതൃനിരയിലെ ഒട്ടേറെ പ്രമുഖർക്ക് ഇത്തവണ സീറ്റ് ലഭിച്ചിട്ടില്ല. മറ്റു പാർട്ടികളിൽ നിന്നെത്തുന്നവർക്ക് പരവതാനി വിരിക്കുമ്പോൾ തങ്ങൾ തഴയപ്പെടുകയാണെന്ന് അവർ ആരോപിക്കുന്നു.