ഡൽഹി: രാജ്യത്തുടനീളം കുറഞ്ഞത് 10 കോടി അംഗങ്ങളെ ചേർക്കാൻ പദ്ധതിയുമായി ബിജെപി. സെപ്റ്റംബർ ഒന്നിനാരംഭിക്കുന്ന മെമ്പർഷിപ്പ് യജ്ഞത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്താനാണ് നീക്കം. ഇന്ന് നടന്ന ദേശീയ, സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ബിജെപി പുതിയ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതും ഇതിന് പിന്നാലെയായിരിക്കും.
ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അധ്യക്ഷൻമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മു കശ്മീർ,ഹരിയാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഭാരവാഹികളും മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
സെപ്റ്റംബർ ഒന്ന് മുതൽ നവംബർ 10 വരെയാണ് മെമ്പർഷിപ്പ് യജ്ഞം നടക്കുന്നത്. മിസ്ഡ് കോളിലൂടെയോ ബിജെപിയുടെ വെബ്സൈറ്റിലൂടെയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയോ ആളുകൾക്ക് മെമ്പർഷിപ്പ് എടുക്കാമെന്ന് ബിജെപി വക്താവ് സമ്പീത് പത്ര പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അതിന് ശേഷം മെമ്പർഷിപ്പ് ചേർക്കും. ഇതോടെ ആകെ എണ്ണം ഇനിയും ഉയരുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.