ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാടകീയ നീക്കവുമായി സിഎസ്ഐ സഭ. സിഎസ്ഐ മുൻ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ ഷെർളി റസാലം തിരുവനന്തപുരം മണ്ഡലത്തിൽ മത്സരത്തിനിറങ്ങുന്നു. കളക്ടറുടെ മുമ്പാകെ ഇന്ന് പത്രിക സമർപ്പിച്ചു. തിരുവനന്തപുരത്ത് നിർണായക വോട്ട് ബാങ്ക് സിഎസ്ഐ സഭക്കുണ്ട്. അതുകൊണ്ട് തന്നെ ഈ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സാധാരണഗതിയില്‍ സിഎസ്ഐ വോട്ടുകൾ കോണ്‍ഗ്രസിനാണ് കിട്ടാറുള്ളത്. സഭയിലെ പ്രമുഖൻ്റെ ഭാര്യ തന്നെ മത്സരരംഗത്ത് ഇറങ്ങുന്നത് കോൺഗ്രസിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് ധര്‍മ്മരാജ റസാലം ബിഷപ്പ് പദവി ഒഴിഞ്ഞത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റസാലത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തത് സഭക്കുള്ളിലും വലിയ വിവാദമായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നുവെന്ന സംശയത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് അടക്കം നാടകീയ സംഭവങ്ങൾ പലതും സഭയെ ചുറ്റിപ്പറ്റി ഉണ്ടായി. ഈ കേസിൽ ഇഡിയും ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ അന്വേഷണ നടപടികള്‍ തുടരുകയുമാണ്. കേന്ദ്ര ഇടപെടലുകളുടെ കുരുക്ക് ഇങ്ങനെ മുറുകുമ്പോഴാണ് റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലം മത്സരരംഗത്തിറങ്ങുന്നത്.