ആലപ്പുഴ: പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ 39 തദ്ദേശ സ്ഥാപന പരിധികളില്‍ ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പന നിരോധിച്ചു. കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയുടെ ഉപയോഗവും വില്‍പ്പനയുമാണ് നിരോധിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ കൂടി രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം 25 വരെയാണ് നിരോധനം.
തലവടി(വാര്‍ഡ്-13), തഴക്കര(വാര്‍ഡ് 11), ചമ്പക്കുളം(വാര്‍ഡ് 03) എന്നിവിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശത്താണ് താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയവയുടെ ഉപയോഗവും വിപണനവും കടത്തും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
ഇതുപ്രകാരം കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, പള്ളിപ്പാട്, എടത്വ, പുളിങ്കുന്ന്, തഴക്കര, വെണ്‍മണി, നൂറനാട്, ചുനക്കര, മാവേലിക്കര തെക്കേക്കര, മുളക്കുഴ, ആല, ചെറിയനാട്, പുലിയൂർ, ഭരണിക്കാവ്, താമരക്കുളം, വള്ളികുന്നം, പാലമേൽ, മാവേലിക്കര നഗരസഭ, മാന്നാർ, ബുധനൂർ, ഹരിപ്പാട് നഗരസഭ, തിരുവൻവണ്ടൂർ, പാണ്ടനാട് പ്രദേശങ്ങളില്‍ ഇവയുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു.