Kerala
ബൈക്കുകൾ മോഷ്ടിച്ച് ആക്രിവിലക്ക് തൂക്കി വിൽക്കുന്ന സംഘം പിടിയിൽ
കാസർകോട്: ബൈക്കുകൾ മോഷ്ടിച്ച് ആക്രിവിലക്ക് തൂക്കി വിൽക്കുന്ന സംഘം പിടിയിൽ. സി എ നഗറിൽ ഒരേ ദിവസം രണ്ടു ബൈക്ക് കവർന്ന സംഘമാണ് പിടിക്കപ്പെട്ടത്. മോഷണ മുതൽ പൊളിച്ചു വിൽക്കുന്ന സംഘത്തിൽ പിടിയിലായ ആറു പേരിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരും.
ആദൂര്‍ സി.എ. നഗറിലെ സുജിത്കുമാര്‍, റഹ്മത്ത് നഗറിലെ ബി.എ. സുഹൈല്‍ എന്നിവരുടെ പരാതിയിലെ അന്വേഷണത്തിലാണ് എടനീര്‍ മുണ്ടോള്‍മൂലയിലെ നിതിന്‍ (18), പൊവ്വല്‍ മുജീബ് മന്‍സിലിലെ ഷെരീഫ് (19), പൊവ്വല്‍ ലക്ഷംവീട്ടിലെ അബ്ദുല്‍ലത്തീഫ് (36) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെയും ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
യുവാക്കളെ കോടതിയിലും പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലും ഹാജരാക്കി. സുജിത്കുമാറിന്റെ കെ.എല്‍. 14 എന്‍ 4964 യൂണികോണ്‍ ബൈക്കും സുഹൈലിന്റെ കെ.എല്‍. 60 എച്ച് 2469 യമഹ ബൈക്കുമാണ് അടുത്തതടുത്ത ദിവസങ്ങളില്‍ മോഷണം പോയത്. സുജിത്തിന്റെ ബൈക്ക് സി.എ. നഗറിലെ കടക്ക് മുന്നിലും സുഹൈലിന്റെ ബൈക്ക് സി.എ. നഗറില്‍ പള്ളിക്ക് മുന്നിലുമാണ് നിര്‍ത്തിയിട്ടിരുന്നത്.
പിടിയിലായ നിതിനും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരും ചേര്‍ന്നാണ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. പൊവ്വലില്‍ ആക്രിക്കട നടത്തുന്ന ഷെരീഫും അബ്ദുല്‍ലത്തീഫും ഇവരില്‍നിന്ന് ബൈക്കുകള്‍ വാങ്ങുകയായിരുന്നു. ഇവരുടെ ആക്രിക്കടയില്‍ ബൈക്കുകള്‍ പൊളിച്ച നിലയിലാണ് കണ്ടെത്തിയത്. മോഷണമുതലായ ബൈക്കുകള്‍ ആക്രിവിലക്ക് തൂക്കിവില്‍ക്കുകയായിരുന്നു. ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന ബൈക്ക് മോഷണങ്ങളുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. മോഷ്ടിച്ച ബൈക്ക് ആക്രിക്കടയില്‍ എത്തിച്ച് പൊളിച്ച് പാര്‍ട്സുകളാക്കി വില്‍ക്കുകയാണ് സംഘം ചെയ്യുന്നത്.