India
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന ബസിൽ ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂം വരെ
ഇംഫാൽ: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന ബസിൽ ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂം വരെ. തെലങ്കാന രജിസ്ട്രേഷനുള്ള ബസിന് മുകളിലെത്താനായാണ് ലിഫ്റ്റ് സജ്ജമാക്കിയിട്ടുള്ളത്. ഇവിടെ നിന്ന് രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ശുചിമുറിക്ക് പുറമേ എട്ടുപേർക്ക് യോഗം ചേരാനാകുന്ന കോൺഫറൻസ് റൂമും ബസിൽ സജ്ജമാക്കിയിട്ടുണ്ട്.
ലിഫ്റ്റിൽ ഉയർന്നുവന്ന്, ബസിനു മുകളിൽ നിന്ന് രാഹുൽ പ്രസംഗിക്കും. ബസിനു പിന്നിലുള്ള കോൺഫറൻസ് റൂമിൽ യാത്രയ്ക്കിടെ ജനങ്ങളുമായി രാഹുൽ ചർച്ച നടത്തും. ബസിനു പുറത്ത് സ്ഥാപിച്ചിട്ടുള്ള സ്ക്രീനിലൂടെ അത് പുറത്തുള്ളവർക്കു തൽസമയം കാണാനാകും. ഇനിയുള്ള 2 മാസത്തേക്കു കണ്ടെയ്നറായിരിക്കും രാഹുലിന്റെ വീട്. കിടക്ക സജ്ജമാക്കിയ കണ്ടെയ്നറിലായിരിക്കും അദ്ദേഹം രാത്രി ഉറങ്ങുക.
മണിപ്പുരിലെ തൗബാലിലെ ഖാങ്ജോം യുദ്ധ സ്മാരകത്തിൽ പ്രണാമമർപ്പിച്ച ശേഷമാണ് യാത്രയ്ക്കു തുടക്കമിട്ടത്. ഇന്ന് നാഗാലാൻഡിലേക്കു കടക്കും.