Kottayam

സഹനത്തിൽ നിന്ന് ഒളിച്ചോടുകയല്ല അതിനെ തരണം ചെയ്യാനാണ് അൽഫോൻസാമ്മ നമുക്കു കാണിച്ചുതന്നത്: മാർ തോമസ് തറയിൽ

Posted on

സഹനത്തിൽ നിന്ന് ഒളിച്ചോടുകയല്ല അതിനെ തരണം ചെയ്യാനാണ് അൽഫോൻസാമ്മ നമുക്കു കാണിച്ചുതന്നത്: മാർ തോമസ് തറയിൽ
സഹനത്തിൽ നിന്ന് ഒളിച്ചോടുകയല്ല അതിനെ തരണം ചെയ്യാനാണ് അൽഫോൻസാമ്മ നമുക്കു കാണിച്ചുതന്നത് എന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ജോർജ് കിഴക്കേ അരഞ്ഞാണിയിൽ, ഫാ. ജോസഫ് ചൂരക്കൽ, ഫാ. സ്മിത്ത് സ്രാമ്പിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു.
അൽഫോൻസാമ്മയുടെ ഏറ്റവും പ്രശസ്തമായ പ്രാർത്ഥന: “ഓ ദിവ്യ ഈശോയേ, തിരുഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള എൻറെ ആശയിൽനിന്ന് എന്നെ വിമുക്തയാക്കണമേ. കീർത്തിയും ബഹുമാനവും സന്പാദിക്കണമെന്ന ദുഷിച്ച ഉദ്യമത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. അങ്ങേ തിരുഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരംശമാകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ.”
എല്ലാ ദിവസവും അമ്മ നടത്തിയിരുന്ന പ്രാർത്ഥനയാണിത്. നമ്മുടെ പ്രാർത്ഥനയും അൽഫോൻസാമ്മയുടെ പ്രാർത്ഥനയും തമ്മിലുള്ള വ്യത്യാസം നമുക്കിതിൽ കാണാം. നമ്മൾ പ്രാർത്ഥിക്കുന്നത് സ്നേഹിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള സാഹചര്യങ്ങൾക്കുവേണ്ടിയാണെങ്കിൽ അൽഫോൻസാമ്മ പ്രാർത്ഥിച്ചത് സ്നേഹിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള ആശയിൽനിന്ന് തന്നെ രക്ഷിക്കണമേ എന്നാണ്.
ദൈവം മക്കൾക്ക് നല്ലതു കൊടുക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ നന്മയെ കരുതുന്ന സ്വർഗ്ഗസ്ഥനായ പിതാവ് ചോദിക്കുന്നവർക്കെല്ലാം സമൃദ്ധമായി ദാനങ്ങൾ നല്കുന്നുവെന്ന് നമ്മെ പഠിപ്പിക്കുന്നു. നാം ചോദിക്കുന്നതെല്ലാം ദൈവം കേൾക്കും എന്ന വിശ്വാസമാണ് നമ്മെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത്. ഭൌതീകനന്മയാണ് നാം എപ്പോഴും പ്രാർത്ഥിക്കുന്നത്. ദൈവം ഭൌതിക നന്മകൾ നല്കാൻ ആഗ്രഹിക്കുന്നു. അത് നല്കുന്നുമുണ്ട്. പക്ഷെ ഏറ്റവും വലിയ നന്മ നമുക്കു നല്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ ആത്മരക്ഷയാണ്. നിത്യജീവനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവർക്ക് അവിടുന്ന് ആത്മാർത്ഥമായി രക്ഷ നല്കും എന്നും ബിഷപ്പ് പറഞ്ഞു.


ദൈവസ്നേഹം തിരിച്ചറിയാനാണ് അൽഫോൻസാമ്മ പ്രാർത്ഥിച്ചത്. ആന്തരികസ്വാതന്ത്ര്യത്തിലേക്ക് നയിക്കണമേയെന്നും അൽഫോൻസാമ്മ പ്രാർത്ഥിച്ചു. നമ്മുടെ ലക്ഷ്യം പലപ്പോഴും ഭൌതീകനേട്ടം മാത്രമായി മാറുന്നു. പക്ഷെ ആത്യന്തിക ലക്ഷ്യം നമ്മുടെ രക്ഷയായിരിക്കണം. നമ്മുടെ നേട്ടങ്ങളും സഹനങ്ങളുമൊക്കെ ആത്മരക്ഷ ലക്ഷ്യം വച്ചുകൊണ്ടുള്ളതാകണം. നമ്മുടെ പ്രാർത്ഥനകൾ ദൈവേഷ്ടം നിറവേറ്റാനുള്ളതാകണം. ഭൌതികനേട്ടം ആഗ്രഹിക്കാം. പക്ഷെ അതുമാത്രം മതി എന്നു ചിന്തിക്കുന്നത് പരാജയമാണ്. അൽഫോൻസാമ്മക്കു സഹിക്കുവാൻ സാധിച്ചത് അമ്മ ഒരിക്കലും സഹനത്തിൽനിന്നു മുക്തി ആഗ്രഹിച്ചില്ല, പ്രാർത്ഥിച്ചുമില്ല എന്നതുകൊണ്ടാണ്. അതുകൊണ്ട് നമ്മുടെ പ്രാർത്ഥനകളെ പുനക്രമീകരിക്കണം. നമ്മുടെ പ്രാർത്ഥനകൾ വിശാലമാക്കണം. ആത്മരക്ഷക്കുവേണ്ടി പ്രർത്ഥിക്കണം എന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.


ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ഫാ. ജോരജ് പുല്ലുകാലായിൽ, ഫാ. ജോസഫ് പുരയിടത്തിൽ, ഫാ. ജോർജ് ആൻറെണി ആശ്ശാരിശ്ശേരിൽ OFM Cap., ഫാ. ജോസ് കിഴക്കേയിൽ ISCH, ഫാ. അഗസ്റ്റിൻ തെരുവത്ത്, ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ, ഫാ. സ്കറിയ മേനാംപറന്പിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. ജോസഫ് ചീനോത്തുപറന്പിൽ ജപമാല പ്രദക്ഷിണത്തിന് തിരുശേഷിപ്പ് വഹിച്ചു.

ഭരണങ്ങാനത്ത് നാളെ
രാവിലെ
5.15 – വിശുദ്ധ കുർബാന, നൊവേന – ഫാ. മാർട്ടിൻ കല്ലറയ്ക്കൽ
6.45 – വിശുദ്ധ കുർബാന, നൊവേന ഫാ. തോമസ് വടക്കേൽ
8.30 – വിശുദ്ധ കുർബാന, നൊവേന – ഫാ. അബ്രാഹം വെട്ടിയാങ്കൽ, സിഎംഐ
10 – വിശുദ്ധ കുർബാന, നൊവേന – ഫാ. ബർക്കുമാൻസ് കുന്നുംപുറം
11.30 – ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം – മാർ ജോർജ് മ
ത്തിക്കണ്ടത്തിൽ
2.30 – വിശുദ്ധ കുർബാന, നൊവേന – ഫാ. ബാബു കക്കാനിയിൽ
4.00- വിശുദ്ധ കുർബാന, നൊവേന – ഫാ. ജേക്കബ് വടക്കേൽ
5.00 – വിശുദ്ധ കുർബാന, നൊവേന – ഫാ. ജോസ് തറപ്പേൽ
6.15 – ജപമാല പ്രദക്ഷിണം – ഫാ. മാത്യൂ പന്തിരുവേലിൽ
7 – വിശുദ്ധ കുർബാന, നൊവേന – ഫാ. അഗസ്റ്റിൻ കൂട്ടിയാനിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version