Kerala

മിഷൻ ബേലൂർ മ​ഗ്ന തുടരും; വനാതിർത്തിക്ക് പുറത്തെത്തിയാലേ വെടിവെക്കാനാവൂ എന്നും മന്ത്രി

Posted on

കോഴിക്കോട്: ആളെക്കൊല്ലി കാട്ടാന ബേലൂർ മ​ഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആന വന അതിർത്തിക്ക് പുറത്ത് എത്തിയാൽ മാത്രമേ വെടിവെയ്ക്കാൻ കഴിയൂ. ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്. കോടതിയുടെ നിലപാടിൽ അയവ് വന്നിട്ടുണ്ട്. കോടതിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ സന്ദർശനം അനൗദ്യോഗികമാണ്. മന്ത്രി വന്നത് നല്ല കാര്യമാണ്. മന്ത്രിയുമായി കൂടിക്കാഴ്ചയില്ല. ഭൂപേന്ദ്ര യാദവിൻ്റെ കത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. സംസ്ഥാനത്തിന് ചട്ട പ്രകാരം മാത്രമേ തീരുമാനം എടുക്കാൻ കഴിയൂ. ചട്ടങ്ങളിൽ ഇളവ് വരുത്തേണ്ടത് കേന്ദ്ര സർക്കാരാണ്.

പുൽപ്പള്ളി പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസ് എടുത്തത് പ്രതിഷേധിച്ചവർക്കെതിരെയല്ല, അക്രമം നടത്തിയവർക്കെതിരെയാണ്. ബേലൂർ മ​ഗ്ന വിഷയത്തിൽ മൂന്ന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘പൊതുമുതൽ നശിപ്പിച്ചവരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. പ്രതിഷേധം അക്രമാസക്തമാകരുത് എന്നതാണ് പ്രധാന ഘടകം. പ്രതിഷേധിക്കാനും സംഘടിക്കാനും സമരം ചെയ്യാനുമെല്ലാം എല്ലാ അവകാശവും സ്വാതന്ത്ര്യവുമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ അത് വഴിവിട്ട തരത്തിലാകുമ്പോൾ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസിനെതിരെ കോടതി നടപടി സ്വീകരിക്കുന്ന സാഹചര്യം കൂടി കേരളത്തിലുണ്ടെന്ന് മനസിലാക്കുക.’ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version