കൊച്ചി: ബീഫ് കറി കൂട്ടി അത്താഴം കഴിച്ചതിന് ശേഷം 84-കാരിക്ക് കടുത്ത ചുമയും ശ്വാസതടസ്സവും വന്നു. അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്.

മൂന്ന് ദിവസം മുമ്പ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് 84-കാരിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികയുടെ ശ്വാസകോശത്തിൽ നിന്ന് രണ്ട് സെന്റീമീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് ഇന്റർവെൻഷണൽ പൾമണോളജി മേധാവി നീക്കം ചെയ്തത്.
വയോധികയുടെ വലത് ശ്വാസകോശത്തിലേക്കുള്ള ട്യൂബ് പൂർണമായി അടച്ച നിലയിലായിരുന്നു ബീഫിന്റെ എല്ല് ഉണ്ടായിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസമെടുത്തപ്പോളാവാം കറിയിലെ എല്ല് ശ്വാസകോശത്തിലേക്ക് എത്തിയതെന്നാണ് ഡോക്ടർ പറയുന്നത്. വയോധിക അപകടനില തരണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

