ഈഴവരുടെ ഉന്നമനം ലക്ഷ്യമാക്കി എസ്എന്‍ഡിപി യോഗത്തിന്റെ തണലില്‍ രൂപം കൊടുത്ത ബിഡിജെഎസ് (ഭാരത് ധര്‍മ്മ ജനസേന) മുന്നണി മാറ്റത്തിനായി കോപ്പു കൂട്ടുന്നു. 10 കൊല്ലം മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറുമെന്ന അവകാശവാദവുമായി ബിജെപി സഖ്യത്തിന്റെ ഭാഗമായ പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ നഷ്ടമാകുന്ന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നത്.
ബിജെപി ബന്ധം അവസാനിപ്പിച്ചാല്‍ ബിഡിജെഎസിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം മുന്‍കൈ എടുത്തേക്കുമെന്ന അഭ്യൂഹങ്ങളും സജീവമാണ്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്നണി മാറ്റത്തിന് പച്ചക്കൊടി കാട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രധാന വോട്ട് ബാങ്കായ ഈഴവ സമുദായത്തിന്റെ വോട്ട് വിഹിതത്തില്‍ വന്‍ ചോര്‍ച്ച ഉണ്ടായതാണ് ബിഡിജെഎസിനെ എല്‍ഡിഎഫില്‍ കസേരയിട്ട് ഇരുത്താനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത്.