തിരുവനന്തപുരം: രാജ്യത്ത് സമാധാനത്തോടും സന്തോഷത്തോടും കൂടി എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയണമെന്ന് ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ. നമ്മുടെ രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് നമുക്ക് കടപ്പാടുണ്ടെന്നും ഇതുവരെ തുടര്‍ന്ന സന്തോഷവും സമാധാനവും രാജ്യത്ത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഓരോ പൗരനും സന്തോഷവും സമാധാനവും നിലനിര്‍ത്തുന്ന ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരാന്‍ നാം പ്രാര്‍ത്ഥിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. നിങ്ങള്‍ പറയുന്ന കാര്യം വിശ്വസിക്കുന്ന ഒരു സമൂഹം ഉണ്ട് എന്ന് ഓര്‍ക്കണമെന്നും ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സത്യദീപം മുന്‍ എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട് രംഗത്തുവന്നിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാന്‍ ബിജെപി തയ്യാറാകണമെന്ന് പോള്‍ തേലക്കാട് പറഞ്ഞിരുന്നു.
ക്രിസ്ത്യാനികളോടും ന്യൂനപക്ഷങ്ങളോടും മാത്രമല്ല മനുഷ്യന്‍ എന്ന അമൂര്‍ത്തമായ ആദര്‍ശത്തോടുള്ള ബിജെപിയുടെ കാഴ്ചപ്പാട് എന്താണ്. ജാതിവ്യവസ്ഥയുടെ താഴെത്തട്ടില്‍ കഴിയുന്ന മനുഷ്യരോടുള്ള ബിജെപിയുടെ സമീപനം എന്താണ് എന്നുള്ളതും ആശങ്കാജനകമാണ്. ബലഹീനരായ മനുഷ്യപക്ഷത്തോടുള്ള സമീപനം എന്താണെന്നുള്ളത് ക്രൈസ്തവരെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. മനുഷ്യനെ മനുഷ്യനായി കാണാന്‍ ബിജെപി തയ്യാറാണോ എന്നതാണ് മൗലികമായ പ്രശ്നം. ന്യൂനപക്ഷങ്ങളോടും എല്ലാവരോടും കാണിക്കുന്നത് മനുഷ്യത്വ രഹിതമായ കാഴ്ചപ്പാട് ആണെന്ന ഭയവും ഭീതിയും സാധാരണക്കാരായ ജനങ്ങള്‍ക്കുണ്ടെന്നും ഫാ. പോൾ പോള്‍ തേലക്കാട് പറഞ്ഞിരുന്നു.