കോഴിക്കോട്: ബാർ കോഴ വിവാദത്തിൽ മന്ത്രിമാരായ എം ബി രാജേഷും മുഹമ്മദ് റിയാസും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ എം പി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. സർക്കാരിന് വേണ്ടിയുള്ള കൈക്കൂലിയാണ് ആവശ്യപ്പെട്ടതെന്ന് ശബ്ദരേഖയിൽ വ്യക്തമാണ്. അനിമോൻ ഇന്നലെ പറഞ്ഞത് സർക്കാരിന്റെ ഏജന്റുമാർ എഴുതി കൊടുത്തതാണെന്നും കെ മുരളീധരൻ ആരോപിച്ചു.
ബാർകോഴ വിഷയത്തിൽ യുഡിഎഫ് ശക്തമായ സമരപരിപാടികൾ നടത്തുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ഒരു കോടി രൂപയുടെ പേര് പറഞ്ഞ് കെ എം മാണിയെ രാജിവെപ്പിച്ചു. 25 കോടിയുടെ അഴിമതി മൂടിവെക്കാൻ അനുവദിക്കില്ല. ശബ്ദരേഖയിൽ മലക്കം മറിഞ്ഞിട്ട് കാര്യമില്ലെന്നും 10-ാം തീയതി നിയമസഭ കൂടുമ്പോൾ അകത്തും പുറത്തും ശക്തമായ സമരമുണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
മന്ത്രിമാരൊക്കെ വിദേശവാസത്തിലാണ്. രക്ഷപെടാൻ എല്ലാവരും വിദേശത്ത് പോയി. ഇതൊക്കെ ആര് സ്പോൺസർ ചെയ്യുന്നു എന്ന് ആർക്കറിയാം. ഇതും ബാർ കോഴയുമായി ബന്ധമുണ്ടോയെന്ന് സംശയം. വിദേശയാത്ര സ്പോൺസർ ചെയ്യുന്നത് ബാർ മുതലാളിമാരാണോയെന്നും കെ മുരളീധരൻ ചോദിച്ചു.