Kerala
ബാർകോഴ: ഇനി അന്വേഷണം ഗൂഢാലോചനയിൽ; ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ യോഗം ചേരും
തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ അന്വേഷണത്തിന്റെ തുടർ നടപടികൾ ചർച്ചചെയ്യാൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ യോഗം ചേരും. ഇതുവരെ രേഖപ്പെടുത്തിയ ബാറുടമാ നേതാക്കളുടെ മൊഴികൾ അന്വേഷണ സംഘം വിലയിരുത്തും. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴ ആരോപണം തെളിയിക്കാനോ കേസെടുക്കാനോ സാധിക്കില്ലെന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച്. വിവാദത്തിൽ ഗൂഢാലോചനയുണ്ടോ എന്നതിലാകും ഇനിയുള്ള അന്വേഷണം കേന്ദ്രീകരിക്കുക. കെട്ടിട നിർമ്മാണത്തിനായുള്ള പണപ്പിരിവിനെ അനിമോൻ ശബ്ദ രേഖയിൽ ബോധപൂർവ്വം കോഴയെന്ന നിലയിൽ ചിത്രീകരിച്ചതാണോ എന്നും ശബ്ദരേഖ ചോർത്തിയതിന് പിന്നിലെ താൽപര്യവും ക്രൈം ബ്രാഞ്ച് പരിശോധിക്കും. അന്വേഷണം ഉടനടി പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രഞ്ച് നീക്കം.
ഇതിനിടെ ഇടുക്കിയിൽ എത്തി ക്രൈം ബ്രാഞ്ച് അനിമോൻ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പറഞ്ഞത് കൃത്യമായി ഓര്‍മ്മയില്ലെന്നാണ് അനിമോന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. പണം പിരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് സമ്മര്‍ദ്ദം ചെലുത്തി. കെട്ടിടം വാങ്ങാന്‍ ഇടുക്കിയില്‍ നിന്ന് 50 ലക്ഷം രൂപ പിരിക്കണമെന്നായിരുന്നു ആവശ്യം. ഇതേത്തുടര്‍ന്നാണ് ശബ്ദരേഖയിട്ടതെന്നും അനിമോന്റെ മൊഴിയിലുണ്ട്.
ഡ്രൈ ഡേ പിന്‍വലിക്കല്‍, ബാര്‍ പ്രവര്‍ത്തന സമയം കൂട്ടല്‍ ഇവ സര്‍ക്കാര്‍ ചെയ്തു തരുമ്പോള്‍ തിരികെ എന്തെങ്കിലും ചെയ്യണം അതിനായി പണപ്പിരിവ് വേണമെന്നായിരുന്നു ബാറുടമ അനുമോന്റെ ശബ്ദ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ശബ്ദ സന്ദേശം വിവാദമായതോടെ അനിമോനെ തള്ളി ബാര്‍ ഉടമകളുടെ അസോസിയേഷന്‍ രംഗത്ത് എത്തി. പിന്നാലെ ശബ്ദ സന്ദേശത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാരും രംഗത്തെത്തി.