India

ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ജീവനക്കാരെ തിരിച്ചുവിളിച്ച് ഇന്ത്യ; പ്രത്യേക വിമാനം സജ്ജമാക്കും

Posted on

ബംഗ്ലാദേശിൽ കലാപം തുടരുന്ന സാഹചര്യത്തിൽ ഹൈക്കമ്മീഷനിലെയും കോൺസുലേറ്റുകളിലെയും ജീവനക്കാരെ തിരിച്ചുവിളിച്ച് ഇന്ത്യ. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ അടിയന്തര പ്രാധാന്യമല്ലാത്ത ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വിമാന മാർഗം രാജ്യത്തേക്ക് എത്തിക്കാനാണ് നീക്കം. ഹൈക്കമ്മീഷൻ നിലവിൽ പ്രവർത്തനക്ഷമമാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യക്കാരെ രാജ്യത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യയും ഇൻഡിഗോയും ധാക്കയിലേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. 400ലധികം പേരെ ഇതിനോടകം രാജ്യത്തേക്ക് തിരികെ എത്തിച്ചിട്ടുണ്ട്. നിലവിൽ ബംഗ്ലാദേശിൽ 19,000 ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുകയാണ്. അതിൽ 9,000 പേരും വിദ്യാർഥികളാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ലോക്‌സഭയിൽ പറഞ്ഞിരുന്നു.

അതേസമയം പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതിന് ശേഷം ബംഗ്ലാദേശിൽ കലാപം കെട്ടടങ്ങിയിട്ടില്ല. അവാമി ലീ​ഗിന്റെ 29 നേതാക്കളുടെയും കുടുംബാം​ഗങ്ങളുടെയും മൃതദേഹങ്ങൾ ബം​ഗ്ലാദേശിൽ കണ്ടെത്തിയതായി ധാക്ക ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ചയാണ് സഹോദരി രഹാനയ്ക്കൊപ്പം ഹസീന ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ നിന്നും ലണ്ടനിൽ അഭയം തേടാനാണ് ഹസീന പദ്ധതിയിട്ടിരുന്നത്. എന്നാൽ യുകെ അവർക്ക് അഭയം നൽകാൻ തയ്യാറല്ല എന്നാണ് സൂചന. യുഎസ് ഷെയ്ഖ് ഹസീനയുടെ വീസ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽതന്നെ, ഏതാനും ദിവസം കൂടി ഹസീന ഇന്ത്യയിൽ തുടർന്നേക്കും. ലണ്ടനിൽ അഭയം തേടാൻ കഴിയാത്ത സഹാചര്യത്തിൽ യുഎഇ, ഖത്തർ, സൗദി അറേബ്യ, ബെലാറൂസ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഹസീന പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ബംഗ്ലദേശിൽ നിലവിലുള്ള പാർലമെന്റ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ പിരിച്ചുവിട്ടതിന് ശേഷമാണ് ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചത്. സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ആണ് സർക്കാരിനെ നയിക്കുക. യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണം എന്നായിരുന്നു സംവരണവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version