India

ബം​ഗ്ലാദേശിൽ ട്രെയിനിന് തീ പിടിച്ച് അ‍ഞ്ച് മരണം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്ന് പൊലീസ്

Posted on

ധാക്ക: ബം​ഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ നഗരമായ ജെസ്സോറിൽനിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോൾ എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. പാസഞ്ചർ ട്രെയിനിന്റെ നാല് കോച്ചുകൾ പൂർണമായി കത്തിനശിച്ചു. പ്രതിപക്ഷം ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ എന്നും സംശയിക്കുന്നുണ്ട്.

ജെസ്സോറിൽ നിന്ന് തലസ്ഥാനമായ ധാക്കയിലേക്ക് വരികയായിരുന്നു ട്രെയിൽ. ധാക്കയിലെ മെഗാസിറ്റിയിൽ മെയിൻ റെയിൽ ടെർമിനലിനു സമീപമുള്ള ഗോപിബാഗിൽവച്ചാണ് ട്രെയിനിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ട്രെയിനിന് തീപിടിക്കുന്നതുകണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനവുമായി എത്തിയത്. നിരവധി പേരെ ട്രെയിനിൽ നിന്ന് രക്ഷിച്ചെങ്കിലും തീ അതിവേ​ഗം പടരുകയായിരുന്നെന്നും രക്ഷാപ്രർത്തനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു.

ഏതാനും ഇന്ത്യൻ പൗരന്മാരും ട്രെയിനിൽ യാത്ര ചെയ്തിരുന്നതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. തീപിടിത്തമുണ്ടായ സംഭവം അട്ടിമറിയാണെന്ന് തങ്ങൾ സംശയിക്കുന്നതായി പൊലീസ് മേധാവി അൻവർ ഹൊസൈൻ പറഞ്ഞു. കഴിഞ്ഞ മാസം ട്രെയിനിലുണ്ടായിരുന്ന തീ പിടുത്തത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നിൽ പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷനൽ പാർട്ടിയാണെന്ന് (ബിഎൻപി) പൊലീസും സർക്കാരും ആരോപിച്ചിരുന്നു. എന്നാൽ ബിഎൻപി ആരോപണം നിഷേധിക്കുകയാണുണ്ടായത്.

ഞായറാഴ്ചയാണ് ബംഗ്ലാദേശിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ബിഎൻപിയും മറ്റ് പ്രതിപക്ഷ പാർട്ടികളും ക്രമക്കേട് ആരോപിച്ച് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത ആയിരക്കണക്കിനു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version