India

ബംഗ്ലാ കലാപത്തിന് പിന്നിൽ പാകിസ്താൻ; ഹസീന ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് മകൻ

ബംഗ്ലാദേശിലെ രാഷ്ട്രീയ അരാജത്വത്തിന് പിന്നിൽ പാകിസ്താൻ ചാരസംഘടനയായ പാകിസ്ഥാൻ ഇൻ്റർ സർവീസസ് ഇൻ്റലിജൻസ് (ഐഎസ്ഐ) ആണെന്ന ആരോപണവുമായി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസേദ് ജോയ്. പാക് ഏജൻസിയുടേതടക്കം വിദേശ ഇടപെടലുകളിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി സാഹചര്യ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.

ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ആക്കം കൂട്ടിയത് ഐഎസ്ഐ ആണെന്നാണ് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നത്. ആക്രമണങ്ങളും പ്രതിഷേധങ്ങളും വളരെ ഏകോപിപ്പിച്ചതും സൂക്ഷ്മമായി ആസൂത്രണം ചെയ്തതും അവരാണ്. സോഷ്യൽ മീഡിയയിലൂടെ സാഹചര്യം ആളിക്കത്തിക്കാനുള്ള മനഃപൂർവമായ ശ്രമങ്ങളുമാണ് നടന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാർ എന്ത് ചെയ്താലും അവർ അത് കൂടുതൽ വഷളാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നെന്നും ഹസീനയുടെ മകൻ ആരോപിച്ചു.

തീവ്രവാദ സംഘടനകൾക്കും വിദേശ ശക്തികൾ വിതരണം ചെയ്ത തോക്കുകൾ ഉപയോഗിച്ചാണ് കലാപകാരികൾ പോലീസിനെ ആക്രമിച്ചത്. ജനാധിപത്യം പുനഃസ്ഥാപിച്ചാലുടൻ ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ തിരിച്ചെത്തും. ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ കുടുംബത്തിലെ അംഗങ്ങൾ ഒപ്പം നിൽക്കുന്നവരെ അവാമി ലീഗിനെ ചതിച്ചുകളയുകയോ ചെയ്യില്ല. ഹസീന തിരികെ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് താൻ പറഞ്ഞിരുന്നു. ഇപ്പോൾ ആ നിലപാട് എടുത്ത സാഹചര്യം മാറി. രാജ്യത്തുടനീളം പാർട്ടി നേതാക്കളും പ്രവർത്തകരും ആക്രമിക്കപ്പെടുന്നു. അവരുടെ സുരക്ഷിതത്വത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും സജീബ് വാസേദ് ജോയ് പറഞ്ഞു.

തൻ്റെ അമ്മയെ സംരക്ഷിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ സർക്കാരിനും ഷേയ്ഖ് ഹസീനയുടെ മകൻ നന്ദി അറിയിച്ചു. ബംഗ്ലാദേശിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും അതിന് അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തുന്നതിനും സഹായിക്കാൻ അദ്ദേഹം ഇന്ത്യയോട് അഭ്യർത്ഥിച്ചു. “അവാമി ലീഗ് ‘എല്ലാക്കാലത്തും ഇന്ത്യയുടെ സഖ്യകക്ഷി’ ആണ്. അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തി ബംഗ്ലാദേശിലെ അവാമി ലീഗ് നേതാക്കളുടെ സുരക്ഷ ഇന്ത്യ ഉറപ്പാക്കണമെന്ന് ഹസീനയുടെ മകൻ പറന്നു.

നോബേൽ സമ്മാന ജേതാവ് ഡോ മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനോട് രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സജീബ് ജോയ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ രാജ്യം അരാജകത്വത്തിൻ്റെ അവസ്ഥയിലേക്ക് മാറുകയും രണ്ടാമത്തെ അഫ്ഗാനിസ്ഥാനായി മാറുകയും ചെയ്യുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top