India

മമതക്കെതിരെ പുതിയ പോർമുഖം തുറന്ന് ഗവർണർ ആനന്ദബോസ്; പോലീസ് കമ്മിഷണറെ മാറ്റണം; ഡോക്ടറുടെ പീഡനമരണം ചർച്ച ചെയ്യണം

Posted on

ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായ പ്രശ്നത്തെ തുടര്‍ന്നുള്ള പ്രക്ഷോഭം പരിഹരിക്കാന്‍ അടിയന്തിര മന്ത്രിസഭായോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി മമതയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍. കൊൽക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെ മാറ്റണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കണമെന്നും ഗവര്‍ണര്‍ സി.വി.ആനന്ദബോസ് വ്യക്തമാക്കിയിട്ടുണ്ട്.

“ബംഗാളിലെ അസ്വസ്ഥമാക്കുന്ന സംഭവവികാസങ്ങളിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അതില്‍ നിന്നും ഒഴിഞ്ഞുമാറാനും മൗനം പാലിക്കാനും കഴിയില്ല. ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും വിധേയമായി സംസ്ഥാനം പ്രവർത്തിക്കണം. ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്ത്തി രക്ഷപ്പെടാന്‍ അനുവദിക്കില്ല. കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മിഷണറെ മാറ്റണം എന്നത് ജനങ്ങളുടെ പൊതു ആവശ്യമാണ്. ” – മമതയെ വിളിച്ച് ഗവര്‍ണര്‍ പറഞ്ഞു.

ഓഗസ്റ്റ് 9നാണ് ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് മൃതദേഹം കണ്ടത്. പോലീസ് വളണ്ടിയറായ സഞ്ജയ് റോയ് ആണ് കേസില്‍ അറസ്റ്റിലായത്. മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെയും കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മരിച്ച ഡോക്ടര്‍ക്ക് നീതി ലഭ്യമാകണം എന്നാവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭമാണ് ബംഗാളില്‍ നടക്കുന്നത്. മുഴുവന്‍ ഡോക്ടര്‍മാരും പ്രതിഷേധത്തില്‍ പങ്കാളികളാണ്. പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version