India
ആണും പെണ്ണും കൂടുതൽ ഫ്രീയായി ഇടപഴകുന്നു; മമത ബാനർജിയുടെ പഴയ പ്രസ്താവന കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാവുകയാണ്. സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമായി ഉയർന്നിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 2012ൽ ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവനയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്.
ബലാത്സംഗ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും കൂടുതൽ ഫ്രീയായി അടുത്തിടപഴകുന്നു. പണ്ടൊക്കെ, പുരുഷന്മാരും സ്ത്രീകളും കൈകൾ പിടിച്ച് നടന്നാൽ അവരെ മാതാപിതാക്കൾ പിടിക്കുമായിരുന്നു, ഇപ്പോൾ എല്ലാം ഓപ്പൺ ആണ്. ഇന്ന് ഓപ്പൺ ഓപ്ഷനുകളുള്ള ഒരു ഓപ്പൺ മാർക്കറ്റ് പോലെയാണെന്നാണ് മമത മുൻപ് പറഞ്ഞത്.
കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് ഏരിയയിൽ 2012 ൽ ഓടുന്ന കാറിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസുമായി ബന്ധപ്പെട്ടായിരുന്നു മമതയുടെ പ്രസ്താവന. പിന്നീട് അവർ തന്റെ പ്രസ്താവന പിൻവലിച്ചു. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മമത മാധ്യമങ്ങളെയാണ് കുറ്റപ്പെടുത്തിയത്.