മുണ്ടക്കൈ : റെക്കോർഡ് സമയത്താണ് പാലം നിർമിക്കാനായതെന്ന് മേജർ ജനറൽ വിനോദ് മാത്യു. ബെംഗളൂരുവിൽ നിന്ന് റോഡ് മാർഗത്തിലൂടെയാണ് പാലത്തിന്റെ ഭാഗങ്ങളെത്തിച്ചത്. ഇന്നലെ ഉച്ചയോടെ സാമഗ്രികളെത്തി. രാപ്പകല്ലിലാതെ കഠിനാധ്വാനം ചെയ്താണ് പാലം യാഥാർത്ഥ്യമാക്കിയത്. മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പാണ് നിർമാണത്തിലേർപ്പെട്ടത്.
കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് നിർമ്മാണ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് 17 ട്രക്കുകളിലാക്കിയാണ് സാമഗ്രികൾ വയനാട്ടിലേക്ക് എത്തിച്ചത്. നൂറുകണക്കിന് സൈനികരുടെ മണിക്കൂറുകൾ നീണ്ട അദ്ധ്വാനത്തിന്റെ ഫലമായി ഉച്ചയൊടെ പാലം സജ്ജമാകും.
ഇതോടെ രക്ഷാപ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. 24 ടൺ ശേഷിയാണ് പാലത്തിനുണ്ടാവുക. വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കും. ബെയ്ലി പാലം വഴി ഉപകരണങ്ങലളും വാഹനങ്ങളും മുണ്ടക്കൈയിലെത്തിക്കും. തുടർന്ന് വഴി ശരിയാക്കി പുഞ്ചിരിമുട്ടത്തെത്തിക്കാനും ആകും. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായത്. രക്ഷാപ്രവർത്തനം അവസാനിക്കും വരെ സൈനികർ പ്രദേശത്ത് തുടരും. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നായി 500-ലേറെ സൈനികരാണ് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.