Kerala

പട്ടിണി കിടന്ന് നാടകം കളിച്ച് വളര്‍ത്തിയ പ്രസ്ഥാനം; മരിക്കുവോളം ഈ പാര്‍ട്ടിയിലായിരിക്കും: നിലമ്പൂര്‍ ആയിഷ

Posted on

നിലമ്പൂര്‍: താന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരാണെന്ന വാര്‍ത്ത ശരിയല്ലെന്ന് നാടക കലാകാരി നിലമ്പൂര്‍ ആയിഷ. അന്‍വറിനോട് സ്‌നേഹമുണ്ടെന്നും അതിലേറെ സ്‌നേഹം പാര്‍ട്ടിയോടുണ്ടെന്നും ആയിഷ പറഞ്ഞു. നിലമ്പൂര്‍ ആയിഷ മരിക്കുവോളം ഈ പാര്‍ട്ടിയിലായിരിക്കുമെന്നും വളര്‍ത്തിയ പ്രസ്ഥാനത്തെ പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ആയിഷ സന്ദര്‍ശിച്ചത് ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ആയിഷ രംഗത്തെത്തിയത്.

‘ഇന്ന് അന്‍വറിന്റെ വീടിന്റെ മുന്നില്‍ കൂടി പോയപ്പോള്‍ കൂടെയുള്ള സുഹൃത്താണ് പറഞ്ഞത് അവിടെ ഒന്ന് കയറാം ഉമ്മയെ ഒന്ന് കാണാം എന്ന്. അങ്ങനെ കയറിയതാണ്. സത്യത്തില്‍ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഓര്‍മ്മയില്‍ ഇല്ലായിരുന്നു. വയസ്സ് 89 ആണേയ്, അവിടുന്ന് എന്തൊക്കെയോ സംസാരിച്ചു. എംഎല്‍എയോട് സ്‌നേഹമുണ്ട്.

പാര്‍ട്ടിയോട് അതിലേറെയും. വീട്ടിലെത്തി പേരമക്കള്‍ പറഞ്ഞു തന്നപ്പോഴാണ് അറിഞ്ഞത് ഞാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരാണ് എന്ന രീതിയില്‍ വാര്‍ത്ത വരുന്നുണ്ട് എന്ന്. അത് ശരിയല്ല. അങ്ങനെ ഒരു അവസരം ഉണ്ടായതില്‍ ഖേദിക്കുന്നു. നിലമ്പൂര്‍ ആയിഷ മരിക്കുവോളം ഈ പാര്‍ട്ടിയില്‍ തന്നെ ആയിരിക്കും. പട്ടിണി കിടന്നു നാടകം കളിച്ചു വളര്‍ത്തിയ പ്രസ്ഥാനമാണ് അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയില്ല. ലാല്‍ സലാം,’ നിലമ്പൂര്‍ ആയിഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version