India
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കാന്‍ കാര്‍ റാലിയുമായി അമേരിക്കയിലെ ഇന്ത്യക്കാര്‍
വാഷിഗ്ടണ്‍: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. ഇതിന്റെ ഭാഗമായി അമേരിക്കയിലുടനീളം കാര്‍ റാലികള്‍ നടത്താനാണ് തീരുമാനം. ജനുവരി 20 ന് കാലിഫോര്‍ണിയ ഇന്ത്യന്‍സ് എന്ന സംഘടന കാര്‍ റാലി നടത്തും. ‘ഭഗവാന്‍ ശ്രീറാം ജിയുടെ ഗൃഹപ്രവേശം’ ആഘോഷമാക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. 400 ലേറെ കാറുകള്‍ റാലിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വിഖ്യാതമായ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജില്‍ നിന്നായിരിക്കും റാലി ആരംഭിക്കുക.
ആധുനിക ഇന്ത്യയിലെ തന്നെ വലിയതും അഭിമാനകരവുമായ ചടങ്ങ് ആഘോഷമാക്കാന്‍ വടക്കന്‍ കാലിഫോര്‍ണിയയിലെ ഇന്ത്യക്കാര്‍ ഒരുമിച്ച് ചേരുമെന്നും സംഘാടകര്‍ പറഞ്ഞു. അമേരിക്കയിലെ മറ്റ് ഇന്ത്യന്‍ സംഘടനകളും സമാനമായ രീതിയില്‍ ആഘോഷപരിപാടികള്‍ക്കായി പദ്ധതിയിടുന്നുണ്ട്. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാംമന്ദിര്‍ ഉദ്ഘാടനം ചെയ്യും.
വാഷിംഗ്ടണിലും ചിക്കാഗോയിലും അമേരിക്കയിലെ മറ്റ് നഗരങ്ങളിലും ആഴ്ചകളായി റാലികള്‍ നടക്കുന്നുണ്ട്. ‘ഞങ്ങള്‍ക്ക് അയോധ്യയിലേക്ക് പോകാനാകില്ല, എന്നാല്‍ ശ്രീറാം ജി ഞങ്ങളുടെ ഹൃദയത്തിലുണ്ട്. അദ്ദേഹത്തിന്റെ ഗൃഹപ്രവേശനത്തെ ആരാധിച്ചുകൊണ്ടുള്ള ഞങ്ങളുടെ സംഭാവനയാണ് ഈ ആഘോഷം’ – സംഘാടകര്‍ പറഞ്ഞു.