അയോധ്യയില്‍ ബിജെപി നേതാക്കള്‍ നടത്തിയത് കോടികളുടെ ഭൂമി കുംഭകോണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാമക്ഷേത്രം നിര്‍മ്മാാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇവിടത്തെ ദരിദ്രരായ സാധാരണക്കാരുടെ ഭൂമി ബിജെപി നേതാക്കളും അവര്‍ക്ക് വേണ്ടപ്പെട്ടവരും തട്ടിയെടുത്തെന്നും അഖിലേഷ് യാദവ് ആരോപിച്ചു. അതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുത്തതിന്റെ ഗുണം സാധാരണക്കാരന് ലഭിച്ചിട്ടില്ല. വിശുദ്ധ ഭൂമിയില്‍ നടക്കുന്നത് അഴിമതിയുടെ വിശാല മാതൃകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ക്കു വരെ അയോധ്യയിലെ ഭൂമി കൈമാറിയിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥിന്റെ അറിവോടെ തന്നെയാണ് ഈ തട്ടിപ്പ് എല്ലാം നടന്നത്. പുണ്യഭൂമിയില്‍ ഇത്തരം മോഷണമാണ് നടക്കുന്നതെങ്കില്‍ മറ്റ് ജില്ലകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ എത്രത്തോളം വലുതാണെന്ന് ഊഹിക്കാമെന്നും അഖിലേഷ് പറഞ്ഞു.
പ്രതിരോധ വകുപ്പിന്റെ ഭൂമിവരെ ബിജെപി നേതാക്കള്‍ മറിച്ചു വിറ്റിട്ടുണ്ട്. ഇതില്‍ കൃത്യമായ അന്വേഷണം വേണം. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം നിക്ഷ്പക്ഷമായി അന്വേഷിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ബിജെപി നേതാക്കളുടെ ഭൂമിയിടപാടുകളുടെ രേഖകളും അഖിലേഷ് പുറത്തുവിട്ടു.