India
ബാബറി മസ്ജിദിന് പകരം അയോധ്യയിൽ നിർമ്മിക്കുന്ന മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിലിൽ ആരംഭിക്കും
അയോധ്യ: തകർക്കപ്പെട്ട ബാബറി മസ്ജിദിന് പകരം അയോധ്യയിൽ നിർമ്മിക്കുന്ന മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ഏപ്രിലിൽ ആരംഭിക്കുമെന്ന് മസ്ജിദ് ഡെവലപ്‌മെൻ്റ് കമ്മിറ്റി. മുഹമ്മദ് ബിൻ അബ്ദുള്ള മോസ്ക് എന്നാകും ഇതിന്റെ പേര്. ദുബായിൽ ഉള്ളതിനേക്കാൾ വലിയ അഞ്ച് മിനാരങ്ങളും അക്വേറിയവും ഉള്ള ഇന്ത്യയിലെ ആദ്യത്തെ പള്ളിയായിരിക്കും ഇതെന്നാണ് മസ്ജിദ് ഡെവലപ്‌മെൻ്റ് കമ്മിറ്റി മേധാവിയും ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ അംഗവുമായ ഹാജി അറഫാത്ത് ഷെയ്ഖ് വ്യക്തമാക്കുന്നത്.
അയോധ്യയിലെ ധനിപൂർ ഗ്രാമത്തിൽ ബാബറി മസ്ജിദിന് പകരമായി അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്താണ് പുതിയ പള്ളി നിർമ്മിക്കുന്നത്. പള്ളിയുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് രൂപീകരിച്ച ട്രസ്റ്റാണ് ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സുന്നി സെൻട്രൽ വഖഫ് ബോർഡ് നാമനിർദ്ദേശം ചെയ്തയാളാണ് ഹാജി അറഫാത്ത് ഷെയ്ഖ്. ബിജെപി നേതാവും മഹാരാഷ്ട്ര സ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർപേഴ്സനുമാണ് ഹാജി അറഫാത്ത് ഷെയ്ഖ്.
എല്ലാ മുസ്ലീങ്ങൾക്കും വേണ്ടിയുള്ള പള്ളിയായിരിക്കും ഇതെന്നും ഇവിടെ സുന്നികളെന്നോ, ഷിയകളെന്നോ വേർതിരിവ് ഉണ്ടാകില്ലെന്നും ഹാജി അറഫാത്ത് ഷെയ്ഖ് പറയുന്നു. 36 അടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ ഖുറാൻ ഈ പള്ളിയിൽ സ്ഥാപിക്കും. ഒരു വലിയ അക്വേറിയവും അണ്ടർവാട്ടർ മൃഗശാലയും സജ്ജീകരിക്കാനും പദ്ധതിയുണ്ട്. ദുബായിൽ ഇപ്പോഴുള്ള പ്രശസ്തമായ അക്വേറിയത്തേക്കാൾ വലുതായിരിക്കും ഇവിടുത്തെ അക്വേറിയം. ഒരു വലിയ ലൈബ്രറി ഒരുക്കാനും ആലോചനയുണ്ട്. വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം തയ്യാറാക്കുന്ന വലിയൊരു കമ്യൂണിറ്റി കിച്ചണും ഇവിടെ ഉണ്ടായിരിക്കും. മികച്ച കാൻസർ ചികിത്സ വാഗ്ദാനം ചെയ്യുന്ന, 500 കിടക്കകളുള്ള ആശുപത്രി പള്ളിക്കു സമീപം നിർമിക്കാനും പദ്ധതിയുണ്ടെന്നും ഹാജി അറഫാത്ത് ഷെയ്ഖ് പറഞ്ഞു.