Kerala
അങ്കണവാടി അധ്യാപികയെന്ന ജോലി രാജിവച്ച് ഓട്ടോ ഡ്രൈവറായി; ഇത് ജയയുടെ വിജയകഥ
ചെറുതെങ്കിലും സ്ഥിരതയുള്ള ഒരു ജോലി എന്നതാണ് ശരാശരി മലയാളിയുടെ ലക്ഷ്യം. അതുകൊണ്ടാണ് മലയാളികളിൽ ബഹുഭൂരിപക്ഷവും സർക്കാർ ജോലിയോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിയോ എന്ന സ്വപ്നവുമായി ജീവിക്കുന്നത്. എന്നാൽ, ഇവിടെയാണ് ഇടപ്പള്ളി ഉണിച്ചിറ സ്വദേശി ജയ വ്യത്യസ്തയാകുന്നത്. അങ്കണവാടി അധ്യാപികയെന്ന ജോലി രാജിവച്ച് ഓട്ടോ ഡ്രൈവറായ വനിതയാണ് ജയ.
ഉണിച്ചിറയ്ക്കടുത്തുള്ള അങ്കണവാടിയിലെ അധ്യാപികയായിരുന്നു ജയ. ഇതിനിടയിൽ കുടുംബ ശ്രീയുടെ ഓട്ടോ ഡ്രൈവിംഗ് പരിശീലനത്തിൽ പങ്കെടുത്തതാണ് ജയയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഓട്ടോ ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയ ജയ ജോലിക്കിടെ രാവിലെയും വൈകിട്ടുമായി ഓട്ടോ ഓടിച്ചു തുടങ്ങി. 2007ൽ 1,60,000 രൂപ ലോൺ എടുത്ത് സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങി. 2016ൽ അത് വിറ്റ് പുതിയ ഒരെണ്ണം വാങ്ങി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അങ്കണവാടി ജോലി രാജിവച്ച് മുഴുവൻ സമയ ഓട്ടോക്കാരിയായി. അപ്പോൾ 12,000രൂപ മാത്രമായിരുന്നു അങ്കണവാടി അധ്യാപികയെന്ന നിലയിൽ ജയക്ക് കിട്ടിയിരുന്ന ശമ്പളം.
ജയയുടെ ഭർത്താവ് സുരേഷും ഓട്ടോ ഡ്രൈവറാണ്. ഇടപ്പള്ളി ടോൾ ജംഗ്ഷൻ സ്റ്റാൻഡിലാണ് ദമ്പതികൾ ഓട്ടോ ഓടിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കുന്നത് ഓട്ടോ ഓടി കിട്ടുന്ന വരുമാനം കൊണ്ടാണെന്ന് ഇവർ വ്യക്തമാക്കുന്നു. മക്കളായ അക്ഷയയുടെയും ആതിരയുടെയും പഠനത്തിനും വിവാഹത്തിനും വീടുവച്ചതിനും കൈത്താങ്ങായത് ദമ്പതികൾ ഓട്ടോറിക്ഷ ഓടിച്ച് കിട്ടിയ പണമാണ്. ജയയ്ക്കിപ്പോൾ കാലടി സംസ്‌കൃത സർവകലാശാലയിലെ സ്വീപ്പർ ജോലിയുണ്ട്. 11 മണിവരെയുള്ള ഈ ജോലിക്കു ശേഷം വൈകുന്നേരം വരെ ഓട്ടോ ഓടിക്കും.
ഓട്ടോക്കാരി എന്ന നിലയിൽ വലിയൊരു അംഗീകാരവും ജയക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ ‘ഏയ് ഓട്ടോ” നായിക രേഖയുടെ ഓട്ടോയിലുള്ള ഫോട്ടോ ഷൂട്ടിന് ജയയുടെ ഓട്ടോയ്ക്കും ക്ഷണം ലഭിച്ചിരുന്നു. ഏറെ നേരത്തെ ഷൂട്ടിഗിനുശേഷം മടങ്ങുംമുമ്പ് ജയയോട് രേഖ പറഞ്ഞത് ഓട്ടോയുടെ സുന്ദരിയെന്ന പേര് മാറ്റണ്ട എന്നായിരുന്നു.