കൊച്ചി: യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനിൽ നിന്നു സമീപത്തെ ട്രാവൻകൂർ റെസിഡൻസിയിലേക്കു ഒരു യാത്രക്കാരൻ ഓട്ടം വിളിച്ചു. 40 രൂപയുടെ ഓട്ടത്തിന് 80 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്.
ഇതു നിരസിച്ച യാത്രക്കാരൻ മറ്റൊരു ഓട്ടോയിൽ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവർക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.