തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ചെല്ലാനം സ്വദേശി ജോൺസണാണ് കൊലപാതകം നടത്തിയത്. ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. കൂടെ ചെല്ലണം എന്ന ആവശ്യം നിരാകരിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
അക്രമത്തിന് പദ്ധതിയിട്ട് ജോൺസൺ പെരുമാതുറയിൽ താമസിച്ചു. പെരുമാതുറയിലെ ലോഡ്ജിൽ താമസിച്ചത് ഒരാഴ്ചയാണ്. ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങൾ അന്വേഷിച്ചതായും സൂചന.
ജനുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിയായ ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിലെ പൂജാരിയാണ്. ഭർത്താവ് ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിരയുടെ സ്കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന മകനെ സ്കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്.