കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പെരുമ്പാവൂര്‍ സ്വദേശി അസ്മയുടെ പ്രസവം കഴിഞ്ഞ് രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് അസ്മയുടെ കുടുംബം ആരോപിച്ചു. മരണത്തില്‍ പരാതിയുണ്ടെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ ദിവസം ഭര്‍ത്താവ് സിറാജുദ്ദീന്‍ മൃതദേഹം മലപ്പുറത്ത് നിന്നും അസ്മയുടെ സ്വദേശമായ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അസ്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് തന്നെ നടക്കും.

