Kerala

സംസ്ഥാനത്ത് ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു; പ്രതിമാസം 1000 രൂപ കൂടി

Posted on

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ചു. 1000 രൂപ കൂടി വർധിപ്പിച്ച് 7000 രൂപയാക്കി പ്രതിമാസ വേതനം. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി അറിയിച്ചത്. 2023 ഡിസംബര്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. 2016ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഓണറേറിയം 6,000 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും 1,000 രൂപ ഓണറേറിയം വര്‍ധിപ്പിച്ചത്. 14 ജില്ലകളിലായി നിലവില്‍ 21,371 പേര്‍ ഗ്രാമ പ്രദേശങ്ങളിലും 4,205 പേര്‍ നഗര പ്രദേശങ്ങളിലും 549 പേര്‍ ട്രൈബല്‍ മേഖലയിലുമായി ആകെ 26,125 ആശാ വര്‍ക്കര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു. ഇവര്‍ക്കെല്ലാം ഈ വര്‍ധനവിന്റെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ മാസം തോറും നല്‍കുന്ന 7000 രൂപ ഓണറേറിയത്തിന് പുറമേ വിവിധ പദ്ധതികളില്‍ നിന്നുള്ള ഇന്‍സെന്റീവുകളും ലഭിക്കും. ഈ 7,000 രൂപ കൂടാതെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും 2,000 രൂപ വീതം സ്ഥിരമായി പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും. ഇതുകൂടാതെ ഓരോ ആശാപ്രവര്‍ത്തകയും ചെയ്യുന്ന സേവനമനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 1,500 രൂപ മുതല്‍ 3,000 രൂപ വരെ മറ്റ് ഇന്‍സെന്റീവുകളും ലഭിക്കും. 2022 ഏപ്രില്‍ മുതല്‍ ആശമാര്‍ക്ക് പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കി വരുന്നുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഓണറേറിയവും കൃത്യമായി ലഭിക്കാന്‍ ആശ സോഫ്റ്റുവെയര്‍ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്കാണ് തുക നല്‍കി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version