Politics
പിതാവിന്റെ പൊതുദര്‍ശനത്തിനിടെ റെഡ് വളണ്ടിയര്‍മാര്‍ മര്‍ദ്ദിച്ചു, സഹോദരന്‍ കൂട്ടുനിന്നു; ആശ ലോറൻസ്
കൊച്ചി: അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തന്നെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയുമായി മകള്‍ ആശ ലോറന്‍സ്.
വനിതകള്‍ അടങ്ങിയ സിപിഐഎം റെഡ് വളണ്ടിയര്‍മാര്‍ മര്‍ദ്ദിച്ചെന്നും സഹോദരന്‍ എം എല്‍ സജീവനും സഹോദരിയുടെ ഭര്‍ത്താവ് ബോബനും മര്‍ദ്ദനത്തിന് കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു. കൊച്ചി കമ്മീഷണര്‍ക്കാണ് ആശ പരാതി നല്‍കിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റെന്നും ആശ ആരോപിക്കുന്നു. പരാതി കൊച്ചി കമ്മീഷണര്‍ നോര്‍ത്ത് പൊലീസിന് കൈമാറി.
അതേസമയം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് ഏറ്റെടുക്കുന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ലോറന്‍സിന്റെ മൂന്നു മക്കളോടും ഇന്ന് ഹാജരാകാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ് അഡ്വസൈറി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായാവും കുടുംബം നിലപാട് അറിയിക്കുക. മൃതദേഹം സംസ്‌കരിക്കാന്‍ കൈമാറിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മകന്‍ അഡ്വക്കേറ്റ് സജീവന്‍ ഇന്നലെ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.