തിരുവനന്തപുരം: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ സമരയാത്ര സംഘടിപ്പിക്കാൻ തീരുമാനം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം.

മേയ് അഞ്ച് മുതൽ ജൂൺ 17 വരെയാണ് സമരയാത്ര. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവാണ് സമരയാത്രയുടെ ക്യാപ്റ്റൻ. തൊഴിലാളി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ നടക്കുന്ന സ്ത്രീ തൊഴിലാളി അവകാശ മേയ്ദിന റാലിയോട് അനുബന്ധിച്ച് സമരയാത്രയുടെ ഫ്ലാഗ് ഓഫ് നടക്കും.


