തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെക്കുറിച്ച് തൊഴിലാളി മാസികയില്‍ വന്ന ലേഖനം തള്ളാതെ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍.

ലേഖനത്തിലെ ഓരോ വാക്കിനും ഐഎന്‍ടിയുസിയ്ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ടെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ആശമാരെ സ്ഥിരപ്പെടുത്തണം എന്നതാണ് നമ്മുടെ നിലപാടെന്നും അനൂപ് മോഹന്റെ ലേഖനത്തില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ലേഖനം പൂര്‍ണമായും വായിക്കണം. ആശമാരെ കുറിച്ചുള്ള ശക്തവും വ്യക്തവും ആയ നിലപാടാണ് അത്. ആശമാരുടെ സമരത്തില്‍ നമ്മളെ ക്ഷണിച്ചിട്ടില്ല. അവര്‍ അവിടെ സമരം ചെയ്യുന്നതുകൊണ്ട് അങ്ങനെ കയറി ചെല്ലാന്‍ കഴിയില്ല. എന്‍എച്ച്എം സ്‌കീം കേന്ദ്ര സര്‍ക്കാരിന്റേത് ആണെങ്കിലും അത് നടത്തിവരുന്നത് സംസ്ഥാന സര്‍ക്കാരാണ്. സെല്‍ഫി പോയിന്റ് ഒരു സൂചന മാത്രമായി കണ്ടാല്‍ മതി. സമരവേദി ആഘോഷമാകുന്നതിന്റെ സൂചന മാത്രമായി ആ പരാമര്‍ശം കണ്ടാല്‍ മതി. എസ്‌യുസിഐ ബോര്‍ഡ് വച്ചാണ് അവിടെ സമരം നടത്തുന്നത്. ചുവപ്പും കറുപ്പും ചേര്‍ന്ന നിറമാണ് വാക്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്’, ചന്ദ്രശേഖരന്‍ പറഞ്ഞു.

